സുരക്ഷാ ജീവനക്കാരനു മർദനമേറ്റു
1568248
Wednesday, June 18, 2025 2:49 AM IST
അടൂർ: വസ്ത്ര വ്യാപാരശാലയിൽ എത്തിയയാൾ വാഹനം പാർക്ക് ചെയ്യുന്നതുമായുണ്ടായ തർക്കത്തിൽ സെക്യൂരിറ്റിയെ മർദിച്ചു. അടൂർ സെൻട്രൽ ടോളിൽ പ്രവർത്തിക്കുന്ന സുഡിയോ വസ്ത്രവ്യാപാരശാലയിലെ സുരക്ഷാജീവനക്കാരൻ കടമ്പനാട് അബി ഭവനം ബിജുകുമാറിനാണ് ( 52 ) മർദനമേറ്റത്. സംഭവത്തിൽ പന്തളം കടയ്ക്കാട് സുബൈദ മൻസിൽ അഖിൽ മുഹമ്മദിനെ (23) അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബിജു കുമാറിന്റെ തോളെല്ലിന് പരിക്കേറ്റു. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. അഖിൽ മുഹമ്മദ് ബിജു കുമാറിനെ പിടിച്ചു തള്ളുന്നതിന്റെ ദൃശ്യം വസ്ത്രശാലയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് സ്ഥാപനത്തിലെ സെക്യൂരിറ്റി വിഭാഗം അധികൃതർ അടൂർ പോലീസിൽ പരാതി നൽകി.
അടൂർ എസ് എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അഖിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.