റാന്നിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
1568257
Wednesday, June 18, 2025 3:11 AM IST
റാന്നി: റാന്നി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ കെട്ടിടം നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയിൽ (എസ് സി ഐ) നിന്നുള്ള 10.10 കോടി രൂപ വിനിയോഗിച്ചാണ് ഹോസ്റ്റൽ നിർമിക്കുക.
ഇതിനാവശ്യമായ ടെൻഡർ ക്ഷണിച്ചു. 14927 ചതുരശ്ര മീറ്റർ കെട്ടിടമാണ് നിർമിക്കുക. ഒരു കിടക്കയുടെ 16 മുറികളും മൂന്ന് കിടക്കകളുള്ള എട്ട് മുറികളും അഞ്ച് കിടക്കകളുടെ രണ്ട് മുറികളും ഭിന്നശേഷിക്കാർക്ക് രണ്ടു മുറികളുമാണ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എല്ലാ മുറികളോടും അനുബന്ധിച്ച് ശുചിമുറികൾ ഉണ്ടായിരിക്കും. രണ്ടു നിലകളിലായാണ് കെട്ടിടം നിർമിക്കുക. അടുക്കള, ഡൈനിംഗ് ഏരിയ. ലോൺട്രി, റിക്രിയേഷൻ, സിക്ക് റൂം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അവരുടെ തന്നെ ചുമതലയിലായിരിക്കും നിർമാണമെന്നും എംഎൽഎ പറഞ്ഞു. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന വനിതകൾക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യങ്ങളൊന്നും തന്നെ റാന്നിയിൽ ഇല്ല.
വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമാണം പൂർത്തിയാകുന്നതോടെ ഒറ്റയ്ക്ക് ജോലിക്കായും മറ്റും എത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കാനാകും.