ഗവിയിലെ തൊഴിലാളി സമരം അവസാനിച്ചു
1568244
Wednesday, June 18, 2025 2:49 AM IST
പത്തനംതിട്ട: കെഎഫ്ഡിസി മാനേജ്മെന്റുമായുള്ള തർക്കത്തേ തുടർന്ന് ഗവിയിലെ തൊഴിലാളികൾ മൂന്ന് ദിവസമായി നടത്തിവന്ന സമരം അവസാനിച്ചു. ടൂറിസം രംഗത്ത് പ്രവർത്തിച്ച 42 തൊഴിലാളികളെ തോട്ടം മേഖലയിലേക്ക് മാറ്റിയ തീരുമാനം കെഎഫ്ഡിസി പിൻവലിക്കാൻ തയാറായതിനേ തുടർന്നാണ് സമരം അവസാനിച്ചത്.
തൊഴിലാളി യൂണിയൻ പ്രതിനിധികളും കെഎഫ്ഡിസി മാനേജ്മെന്റ് പ്രതിനിധികളും ഇന്നലെ പത്തനംതിട്ട ലേബർ ഓഫീസിൽ നടത്തിയ ചർച്ചയേ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം മൂഴിയാർ സിഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ ധാരണയിലെത്തിയിരുന്നു.
ഇന്നലെ നടന്ന ചർച്ചയിൽ ഗവിയിലെ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ കെഎഫ്ഡിസി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്യണമെന്ന് നിർദേശമുയർന്നു. ടൂറിസ്റ്റ് ഗൈഡുകൾക്ക് മഴക്കോട്ട്, ഷൂസ്, ട്രക്കിംഗ് പാത തെളിക്കൽ, ബോട്ടുകളുടെ സുരക്ഷാ പരിശോധന എന്നിവയാണ് തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ.