ആറന്മുള ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതി നടപ്പാക്കണം: ആന്റോ ആന്റണി
1568533
Thursday, June 19, 2025 3:39 AM IST
പത്തനംതിട്ട: ആറന്മുള ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ പ്രോജക്ട് യാഥാർഥ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയുടെയും സമീപപ്രദേശങ്ങളുടെയും വികസനപ്രക്രിയയിൽ സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതാണ് നിർദ്ദിഷ്ട ക്ലസ്റ്റർ പ്രോജക്ടെന്ന് എംപി അഭിപ്രായപ്പെട്ടു.
5000 കോടി രൂപ മുതൽമുടക്കുള്ളതും ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും പതിനായിരക്കണക്കിന് ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഈ പദ്ധതി പത്തനംതിട്ടയിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി ആയിട്ടാണ് ഇതു നടപ്പാക്കുന്നത്. പദ്ധതിയുടെ മുതൽമുടക്കിൽ മുഖ്യപങ്കും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. പദ്ധതി യാഥാർഥ്യമായാൽ തൊഴിലിനു വേണ്ടി പലായനം ചെയ്യേണ്ടി വരുന്ന പത്തനംതിട്ട ജില്ലക്കാർക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കുമെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.
പ്രവാസി ജില്ലയായ പത്തനംതിട്ടയിൽ പുതിയ തലമുറയ്ക്ക് തൊഴിലവസരം ലഭിക്കുന്ന ഒരു പദ്ധതിയെ സ്വാഗതം ചെയ്യേണ്ടതിനു പകരം അതിനെയും ഇല്ലാതാക്കാൻ കപട പരിസ്ഥിതിവാദികൾ കടന്നുവരുന്നുണ്ട്.
കടുത്ത വികസന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കുകയാണ് വേണ്ടെതന്ന് എംപി അഭിപ്രായപ്പെട്ടു.