പൗരബോധമുള്ള വിദ്യാർഥിസമൂഹം നാടിന്റെ നന്മ: ഡോ. സിറിയക് തോമസ്
1568527
Thursday, June 19, 2025 3:39 AM IST
പത്തനംതിട്ട: പൗരബോധവും ലക്ഷ്യ ബോധവും അന്യം നിന്നു പോകുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ വിദ്യാർഥിസമൂഹത്തിന്റെ തിരിച്ചറിവ് നാടിന്റെ നന്മയാകുമെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗവും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ്ചാൻസലറുമായ ഡോ.സിറിയക് തോമസ്. പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർത്തോമ്മ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത സ്കൂൾ പ്രവേശനോത്സവമായ ജ്യോതിർഗമയ - 2025 ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് മാത്യു കെ. തമ്പി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സിന്ധു അനിൽ, റവ. സജി തോമസ് സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ, ഹെഡ്മിസ്ട്രസ് മിനി തോമസ്, എ.റ്റി. ജോൺ, കെ.കെ. ചെറിയാൻജി, കൃഷ്ണപ്രിയ ബി.നായർ, സി.കെ. സജി, ക്രിസ്റ്റീന ചാണ്ടി എന്നിവർ പ്രസംഗിച്ചു.