രണ്ടാംഘട്ട ഭൂസമരവുമായി കത്തോലിക്ക കോൺഗ്രസ്
1243457
Sunday, November 27, 2022 2:42 AM IST
കട്ടപ്പന: ബഫർ സോൺ, ഭൂ വിഷയങ്ങളിൽ രണ്ടാംഘട്ട സമര പ്രഖ്യാപനവുമായി കത്തോലിക്കാ കോൺഗ്രസ്. ഭൂവിഷയങ്ങളിൽ സർക്കാർ നൽകിയ വാക്ക് പാലിക്കപ്പെട്ടിട്ടില്ലെന്നും കത്തോലിക്ക കോൺഗ്രസ് സമരം ശക്തമാക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത അസി. ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് അറിയിച്ചു.
2019 ൽ കൂടിയ സർവകക്ഷി യോഗ തീരുമാനങ്ങൾ നടപ്പിലാക്കാത്തത് ഇടുക്കിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. യൂണിറ്റ് തലങ്ങളിൽനിന്നു ആരംഭിക്കുന്ന സമര പരിപാടികൾ മുതൽ കളക്ടറേറ്റ് ഉപരോധം അടക്കമുള്ള സമരമുറകളുമായി രംഗത്ത് ഇറങ്ങാനാണ് കത്തോലിക്ക കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇടുക്കിയിലെ ജനങ്ങളെ രണ്ടാംതരക്കാരായി കാണുന്ന സർക്കാർ സമീപനം അംഗീകരിക്കില്ല. 1964 ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നുള്ള ഗവൺമെന്റ് തീരുമാനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യമാണ് പ്രധാനമായും കത്തോലിക്ക കോൺഗ്രസ് മുന്പോട്ട് വയ്ക്കുന്നത്.
സമര പ്രഖ്യാപനത്തിന് പിന്നാലെ ഓരോ യൂണിറ്റുകൾ കേന്ദ്രീകരിച്ചു ആലോചന യോഗങ്ങളും ആരംഭിച്ചിട്ടുണ്ട്. യൂണിറ്റ് തലങ്ങളിൽ നിന്നാവും രണ്ടാംഘട്ട സമരങ്ങൾക്ക് തുടക്കം കുറിക്കുക.
വെള്ളയാംകുടിയിൽ നടന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ടി. ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ. എസ്. ഫ്രാൻസിസ്, വെള്ളയാംകുടി അസി. വികാരി ഫാ. സാവിയോ കാടുപാലം, രുപത പ്രസിഡന്റ് ജോർജ് കോയിക്കൽ, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, വൈസ് പ്രസിഡന്റ് വി.ടി. തോമസ്, രൂപത സമിതിയംഗം ജോസ് തോമസ് ഒഴുകയിൽ, യുണിറ്റ് സെക്രട്ടറി ബെന്നി കാരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.