കനകച്ചിലങ്കകൾ കിലുങ്ങി
1244872
Thursday, December 1, 2022 10:56 PM IST
മുതലക്കോടം: താളമേളങ്ങളുടെ അകന്പടിയോടെ കനകച്ചിലങ്കകൾ കിലുങ്ങിയ രണ്ടാം ദിനം അരങ്ങും അണിയറയും സജീവം. കാണികളും ആവേശഭരിതരായി. ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തയിനങ്ങളും കഥകളി, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ ക്ഷേത്രകലകളും അരങ്ങു കൊഴുപ്പിച്ചു. നാടകയിനമാണ് ജനപ്രിയമായത്. നിറഞ്ഞ സദസിലാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നാടക മത്സരങ്ങൾ അരങ്ങേറിയത്.
തർക്കവും വാക്കേറ്റവും
പാരിഷ് ഹാളിലെ ഒന്നാം വേദിയിൽ നടന്ന ഭരതനാട്യം വേദിയിൽ പതിവു പോലെ മത്സരഫലം വൈകിയതിന്റെ പേരിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. സംഘാടകരും പോലീസും ഇടപെട്ടാണ് ബഹളം നിയന്ത്രിച്ചത്. എന്നാൽ, കുച്ചുപ്പുടി, കഥകളി, ചാക്യാർകൂത്ത്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളിലെ നിലവാരത്തകർച്ച നിരാശ പടർത്തി.
നാടകങ്ങളുടെ നിലവാരം കുറഞ്ഞതു വിധികർത്താക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, പല ഇനങ്ങൾക്കും മത്സരാർഥികളുടെ എണ്ണക്കുറവും കല്ലുകടിയായി.
കഥകളി മത്സരങ്ങളിൽ രണ്ട് വിഭാഗങ്ങളിലും ഒരു മത്സരാർഥി വീതമാണ് ഉണ്ടായിരുന്നത്. മത്സരത്തിനായെത്തിയ പലർക്കും പരിശീലനത്തിന്റെ കുറവ് വിനയായി. യോഗ്യത ലഭിച്ചിട്ടും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളുമുണ്ട്. വിദ്യാർഥികളുടെ താത്പര്യക്കുറവിനു പ്രധാന കാരണം കോവിഡ് തീർത്ത രണ്ടു വർഷത്തെ ഇടവേളയാണെന്ന് അധ്യാപകരും പരിശീലകരും പറയുന്നു.