ചെറുകിടക്കാരെ വട്ടംകറക്കി വട്ടിപ്പലിശക്കാർ
1263682
Tuesday, January 31, 2023 10:51 PM IST
തൊടുപുഴ: ചെറുകിടക്കാരുടെ സാന്പത്തിക പ്രതിസന്ധി മുതലെടുത്തു വട്ടിപ്പലിശക്കാർ വീണ്ടും സജീവം. കോവിഡിനു ശേഷം വ്യാപാര, കാർഷിക മേഖലകളിൽ ഉണ്ടായ തകർച്ച മുതലെടുത്താണ് വട്ടിപ്പലിശക്കാർ വീണ്ടും സജീവമായത്.
കഴിഞ്ഞ ദിവസം തൊടുപുഴ മണക്കാട് മൂന്നംഗ കുടുംബം ആത്മഹത്യക്കു ശ്രമിക്കുകയും വീട്ടമ്മ ഇന്നലെ മരണത്തിനു കീഴടങ്ങുകയും ചെയ്ത സംഭവത്തിനു പിന്നിലും ബ്ലേഡ് സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നതായാണ് സൂചന. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നു തൊടുപുഴ സിഐ വി.സി.വിഷ്ണുകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം പണം കടം നൽകിയവർ ഇതു തിരികെ വാങ്ങാനായി വീട്ടിലെത്തിയപ്പോഴാണ് ദന്പതികളെയും മകളെയും വിഷം കഴിച്ച് അവശനിലയിൽ കണ്ടത്.
കുബേര മരവിച്ചു
ഇടക്കാലത്ത് ഓപ്പറേഷൻ കുബേര ശക്തമായതോടെ ബ്ലേഡ് സംഘങ്ങളുടെ പ്രവർത്തനം കുറച്ചെങ്കിലും മന്ദീഭവിച്ചിരുന്നു. പരിശോധനകൾ നിലച്ചതോടെ വീണ്ടും ബ്ലേഡ് സംഘങ്ങൾ തലപൊക്കി.
ചെറുകിട കച്ചവടക്കാർ, തൊഴിലാളികൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ഈട് നൽകിയിരിക്കുന്ന വാഹന വായ്പകൾ, ഭൂമി ഈടു നൽകിയിരിക്കുന്ന ബാങ്ക് വായ്പകൾ എന്നിവയുടെ തിരിച്ചടവു മുടങ്ങുന്പോഴും വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും മറ്റുമുള്ള ചെലവുകൾ ഏറിവരുന്പോഴാണ് പലരും ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കുന്നത്. ഇതിനു പുറമെ വ്യാപാരാവശ്യത്തിനും പലരും ബ്ലേഡുകാരെ ആശ്രയിക്കും. ഇതു മുതലെടുക്കുകയാണ് ബ്ലേഡുമാഫിയയുടെ ലക്ഷ്യം.
കൊള്ളപ്പലിശ
മുന്പ് ബ്ലാങ്ക് ചെക്കുകൾ വാങ്ങി കള്ളക്കേസുകൾ സൃഷ്ടിച്ച് ഇടപാടുകാരിൽനിന്നു ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ടായിരുന്നു. എന്നാൽ, നോട്ടു റദ്ദാക്കലിനെത്തുടർന്നു ചെറിയ തുകയ്ക്കുള്ള ഇടപാടുകളാണ് ഇപ്പോൾ ഏറെയും. വസ്തു ഈടായി വാങ്ങി വൻ തുക നൽകുന്നവരുമുണ്ട്. ഇതിനു കൊള്ളപ്പലിശയാണ്. ഭീമമായ പലിശയ്ക്കു പണം നൽകിയശേഷം തവണ മുടങ്ങുന്പോൾ വരുന്പോൾ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചു വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി മർദിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
അഴിയാത്ത കെണി
എന്തിനും തയാറായി കൂടെയുള്ള സംഘങ്ങളെ ഉപയോഗിച്ചാണ് പണപ്പിരിവും മറ്റും നടത്തുന്നത്. പണം വാങ്ങിച്ചാൽ പലിശയും കൂട്ടു പലിശയുമായി വാങ്ങിയ തുകയുടെ പതിന്മടങ്ങ് നൽകിയാലും കടം തീരാത്ത വിധത്തിലുള്ള കെണിയാണ് മാഫിയകൾ തയാറാക്കുന്നത്. കേസിന്റെയും മറ്റും നൂലാമാലകളിൽ പെടുമെന്നതിനാൽ നഷ്ടം സഹിച്ചും ഇടപാടുകാർ വീണ്ടും പലിശ ഇവർക്കു നൽകിക്കൊണ്ടിരിക്കും. വട്ടിപ്പലിശയിൽ കുടുങ്ങി കിടപ്പാടം നഷ്ടപ്പെട്ടു വാടകവീടുകളിൽ അന്തിയുറങ്ങുന്ന ഒട്ടേറെ പേരുണ്ട് ജില്ലയിൽ.