പഠനയാത്രയ്ക്കിടെ സ്കൂള്‍ ബസിനു തീ പിടിച്ചു
1265384
Monday, February 6, 2023 10:42 PM IST
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തിലേക്കു നേച്ചര്‍ ക്യാമ്പില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ സ്കൂള്‍ ബസിനു തീ പിടിച്ചു. ഡ്രൈവറുടെയും അധ്യാപകരുടെയും അവസരോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ വന്‍ അപകടം ഒഴിവായി.
പൊട്ടാന്കാട് സെന്റ് സബാസ്റ്റ്യന്‍സ് സ്കൂളില്‍നിന്നു മൂന്നു ദിവസത്തെ പ്രകൃതിപഠന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി വരുന്ന വഴിക്കാണു മറയൂരില്‍നിന്നു 16 കിലോമീറ്റര്‍ അകലെ തലയാര്‍ എസ്റ്റേറ്റ് ഭാഗത്ത് ബസിന്റെ മുന്‍ഭാഗത്തുനിന്നു പുക ഉയർന്നതു ഡ്രൈവര്‍ റോയിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കിനിര്‍ത്തി കുട്ടികളെ വളരെ വേഗം പുറത്തിറക്കി.
കുട്ടികളെ പുറത്തിറക്കിയപ്പോഴേക്കും വാഹനത്തില്‍നിന്നു അമിതമായി പുകവന്ന് തീ പടര്‍ന്നു.
40 കുട്ടികളും അധ്യാപകരായ വിനോദ് , സോണിക്കുട്ടി, സിസ്റ്റര്‍ ഫെനി, മറയി എന്നിവരും ഡ്രൈവരും ഉള്‍പ്പെടെയുള്ള വാഹനത്തിൽ ഉണ്ടായിരുന്നു.
വാഹനത്തില്‍നിന്നു പുക വരുന്നതുകണ്ട് ഓടിയെത്തിയ തോട്ടം തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ബസിലേക്കു സമീപത്തെ ജലസ്രോതസില്നിന്നു വെള്ളം കോരി ഒഴിച്ചു തീ കെടുത്തി.
അപകടത്തില്‍നിന്നു രക്ഷപ്പെട്ട വിദ്യര്‍ഥികളെയും ജീവനക്കാരെയും മറയൂര്‍ സെന്റ് മേരീസ് സ്കൂളിലെ ബസിൽ മറയൂര്‍ ടൗണിലും പിന്നീട് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ നേച്ചര്‍ ക്യാമ്പിലും എത്തിച്ചു.