മദ്യലഹരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
1279351
Monday, March 20, 2023 10:21 PM IST
കട്ടപ്പന: കുടുംബവഴക്കിനെത്തുടർന്ന് മദ്യലഹരിയിൽ രണ്ടുപേർ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുമളി റോസപ്പൂക്കണ്ടം സ്വദേശി ലുക്മാൻ അലി (36) ആണു മരിച്ചത്. പ്രതികളായ തമിഴ്നാട് കമ്പം സ്വദേശി അബ്ദുൾ ഖദർ (23), റോസാപ്പൂക്കണ്ടം സ്വദേശി അജിത് മണിമാരൻ (22) എന്നിവരെ കുമളി പോലീസ് കസ്റ്റഡിയിലെടുത്തു. ലുക്മാനും പ്രതികളും ബന്ധുക്കളാണ്.
കുടുംബ വഴക്കിന്റെ പേരിൽ പോലീസിൽ കേസ് കൊടുത്തതിൽ പ്രകോപിതനായ ലുക്മാൻ ഞായറാഴ്ച വൈകുന്നേരം റോസാപ്പൂക്കണ്ടം ഭാഗത്ത് അബ്ദുൾഖാദറിനെ മർദിച്ചിരുന്നു. അടിപിടിയിൽ അവശനായ അബ്ദുൾ ഖാദറിനെ നാട്ടുകാർ ഇടപ്പെട്ട് സംഭവസ്ഥലത്തുനിന്നു പറഞ്ഞയച്ചു. മർദനമേറ്റതിന്റെ വൈരാഗ്യത്തിൽ ലുക്മാൻ ദിവസവും മദ്യപിക്കുന്ന ബാറിനു സമീപം രാത്രി 11 ഓടെ അബ്ദുൾ ഖാദറും അജിത്തും കാത്തുനിന്നു. മദ്യപിച്ച് ബോധമില്ലാതെ ബാറിനു സമീപമുള്ള വഴിയിലൂടെ കടന്നുപോകുന്നതിനിടെ ലുക്മാനെ പിന്നിൽനിന്നു അടിച്ചിട്ടശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപേയാഗിച്ച് പ്രതികൾ പുറത്തും വയറിന്റെ ഭാഗത്തും തുടയിലും കുത്തി. കുത്തിയശേഷം പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നു. രാത്രിയിൽ ഇതുവഴി വാഹനത്തിലെത്തിയവരാണ് ചോര വാർന്നുകിടക്കുന്ന ലുക്മാനെ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളെ കമ്പത്തെ ലോഡ്ജിൽനിന്നു കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പ്രതികളെ കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.