വെള്ളക്കരം കുടിശിക; സർക്കാർ ഓഫീസുകളിലെ കണക്ഷൻ വിച്ഛേദിച്ചു
1279674
Tuesday, March 21, 2023 10:39 PM IST
തൊടുപുഴ: വാട്ടർ ചാർജ് കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങൾക്കെതിരേ കടുത്ത നടപടിയുമായി ജല അഥോറിറ്റി അധികൃതർ. കുടിശിക അടയ്ക്കാത്ത തൊടുപുഴ വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലെ വാട്ടർ കണക്ഷൻ അധികൃതർ വിച്ഛേദിച്ചു. കൂടുതൽ സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കാനുള്ള നടപടികളുമായി വാട്ടർ അഥോറിറ്റി മുന്നോട്ടു പോകുകയാണ്.
വൻ തുക കുടിശികയുള്ള തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ കൂടുതൽ ഓഫീസുകളിലെ വാട്ടർ കണക്ഷൻ അടുത്ത ദിവസം വിച്ഛേദിക്കും.
വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലായി 56,000 രൂപയാണ് കുടിശികയുള്ളത്. കഴിഞ്ഞ വർഷം മാർച്ചിനു ശേഷം ഈ ഓഫീസുകളിലെ വെള്ളക്കരം അടച്ചിട്ടില്ല. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽനിന്നു മാത്രം 18 ലക്ഷം രൂപയാണ് വെള്ളക്കരമായി അടയ്ക്കാനുള്ളത്. സിവിൽ സ്റ്റേഷന്റെ ന്യൂ ബ്ലോക്കിന് 16,000 രൂപ കുടിശികയുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് 2.60 ലക്ഷം രൂപ അടയ്ക്കാനുണ്ട്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ കുടിശിക 12,600 രൂപയാണ്.
മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന പാട്ടുപാറ കോളനി കുടിവെള്ള പദ്ധതിയുടെ വെള്ളക്കരമായി 13 ലക്ഷം രൂപയാണ് നഗരസഭ അടയ്ക്കാനുള്ളത്. കുടിശിക അടച്ചില്ലെങ്കിൽ പദ്ധതിയുടെ കണക്ഷനും വിച്ഛേദിക്കും.
ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിട്ടുള്ള സർക്കാർ ഓഫീസുകളുടെയും പദ്ധതികളുടെയും കണക്ഷൻ വിച്ഛേദിക്കാനാണ് വാട്ടർ അഥോറിറ്റി അധികൃതരുടെ തീരുമാനം. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള ഓഫീസുകളും കുടിശിക വരുത്തിയിട്ടുണ്ട്.
ജില്ലയിൽ പൂർണമായും കുടിശിക നിവാരണം നടത്താനാണ് തീരുമാനം. അതിനാൽ കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള കുടിവെള്ളവിതരണം അടുത്ത ദിവസങ്ങളിൽ തടസപ്പെടാനിടയുണ്ട്.
എന്നാൽ, വാട്ടർ അഥോറിറ്റി കർശന നടപടികളിലേക്ക് കടന്നാൽ പ്രതിഷേധിക്കാനാണ് ജീവനക്കാരുടെ തീരുമാനം.