നവോദയ വിദ്യാർഥികളുടെ വേനലവധി: എംപിയുടെ ഇടപെടൽ ഫലംകണ്ടു
1280238
Thursday, March 23, 2023 10:44 PM IST
തൊടുപുഴ: നവോദയ വിദ്യാർഥികളുടെ വേനലവധിയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടൽ ഫലംകണ്ടു. ഹൈദരാബാദ് റീജണു കീഴിലുള്ള കേരള, മാഹി, മിനിക്കോയ് ജവഹർ നവോദയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഏപ്രിൽ മാസം ക്ലാസ് ആയിരിക്കുമെന്ന നിലയിൽ പുറപ്പെടുവിക്കപ്പെട്ട വിദ്യാലയസമിതിയുടെ സർക്കുലറിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ അവധികളുടെ ക്രമീകരണത്തിൽ ഉണ്ടായ മാറ്റമാണ് മേയ്, ജൂണ്‍ മാസങ്ങളിലേക്ക് അവധി പുനഃക്രമീകരിക്കാനുള്ള കാരണം.
കോവിഡിനു മുന്‍പ് ഹൈദരാബാദ് റീജണു കീഴിൽ ഉണ്ടായിരുന്ന എല്ലാ നവോദയ വിദ്യാലയങ്ങളിലും ഏപ്രിൽ, മേയ് മാസങ്ങളിലായിരുന്നു വേനലവധി.
പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ നേരിൽകണ്ട് എംപി കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി പുനഃക്രമീകരീച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം ഈ വർഷം വേനലവധി ഏപ്രിൽ, മേയ് മാസങ്ങളിൽ തന്നെയായി നിശ്ചയിച്ചു.