തുല്യ ജോലിക്ക് തുല്യ വേതനം; എൻഎച്ച്എം നഴ്സുമാർ മന്ത്രിക്ക് നിവേദനം നൽകി
1298326
Monday, May 29, 2023 10:02 PM IST
ചെറുതോണി: തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ എൻഎച്ച്എം നഴ്സുമാർ ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകി. വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
സ്ഥിരം നിയമനക്കാരായ നഴ്സുമാർക്കൊപ്പം കരാർ അടിസ്ഥാനത്തിൽ തുല്യ ജോലി ചെയ്യുന്ന നഴ്സുമാരാണ് മന്ത്രിക്ക് നിവേദനം നൽകിയത്. സ്ഥിരനിയമനം ലഭിച്ചവർക്കുള്ള ആനുകൂല്യങ്ങളോ മറ്റ് അവധികളോ ഇത്തരക്കാർക്കില്ല. എന്നാൽ, ചെയ്യുന്ന ജോലിയിൽ വ്യത്യാസമൊന്നുമില്ല. എപ്പോൾ വേണമെങ്കിലും ജോലിയിൽനിന്നു പിരിച്ചുവിടാം എന്നുള്ളതിനാൽ കഠിനാധ്വാനം ചെയ്യാനും ഇവർ നിർബന്ധിതരാകുന്നു.
തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് സുപ്രീം കോടതി ഏതാനും വർഷം മുന്പ് വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുൾപ്പെടെയുള്ള എല്ലാ താത്കാലിക ജീവനക്കാരുടെയും അവകാശമാണ് തുല്യ ജോലിക്ക് തുല്യ ശന്പളമെന്ന് കോടതി വിധിയിൽ പറയുന്നു. എന്നാൽ, സുപ്രീം കോടതി വിധിയുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് വർഷങ്ങളായി ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാരും അസോസിയേഷനും നിവേദനവും പരാതിയും നൽകിവരുന്നതാണ്.