മൂവാറ്റുപുഴ-തേനി സംസ്ഥാന പാത: സർവേ ഡയറക്ടറുടെ ഉത്തരവ് അട്ടിമറിക്കുന്നു
1337815
Saturday, September 23, 2023 11:06 PM IST
തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ കോട്ട റോഡ് അളന്നുതിരിക്കണമെന്നാവശ്യപ്പെട്ട് സർവേ ഡയറക്ടർ നൽകിയ ഉത്തരവ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ.ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ എം.ജെ.ജോണ് മാറാടികുന്നേൽ എന്നിവർ സംസ്ഥാന സർവേ ഡയറക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള മൂന്നുകിലോമീറ്റർ ദൂരം അളന്നുതിരിക്കാൻ ജില്ലാഭരണകൂടത്തിനു നിർദേശം നൽകിയത്.
മൂന്നു തവണ നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. സർവേ ഡയറക്ടറുടെ നിർദേശമനുസരിച്ച് ജില്ലാ കളക്ടർ തൊടുപുഴ ഭൂരേഖ തഹസിൽദാർക്ക് കത്ത് കൈമാറുകയും ഭൂമി അളന്നുതിരിക്കാൻ സർവേയർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ കൃഷിദേഹണ്ഡങ്ങളുള്ള കൈവശഭൂമി ഏറ്റെടുക്കുന്നതിന് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചിത്രമായ റിപ്പോർട്ടാണ് ഇവർ സമർപ്പിച്ചത്.
ഇതേത്തുടർന്നാണ് ആക്ഷൻ കമ്മിറ്റി വീണ്ടും സർവേ ഡയറക്ടറെ സമീപിച്ചത്. സർക്കാർ ഭൂമി നഷ്ടപരിഹാരം നൽകി വീണ്ടെടുക്കണമെന്ന നിർദേശവും ഇവർ ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി വീണ്ടും അളന്നുതിരിക്കാൻ കഴിഞ്ഞ അഞ്ചിന് വീണ്ടും ഉത്തരവ് നൽകി. പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള പ്രദേശത്തെ കൈവശഭൂമി ഏറ്റെടുക്കാത്തതുമൂലം പാതയുടെ രണ്ടാംഘട്ടവികസനം തടസപ്പെട്ടിരിക്കുകയാണ്.
ജർമൻ സാന്പത്തിക സഹായത്തോടെ മൂവാറ്റുപുഴ ചാലിക്കടവ് പാലം മുതൽ പെരുമാങ്കണ്ടം വരെയുള്ള ഒന്നാംഘട്ട വികസനം അന്തിമഘട്ടത്തിലാണ്. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് ഫണ്ട് അനുവദിച്ചാൽ രണ്ടാംഘട്ട വികസനം പൂർത്തിയാക്കി ഹൈവേ യാഥാർത്ഥ്യമാക്കാനാകും. ഇതിനു ഭൂമി അളന്നുതിരിച്ച് ഏറ്റെടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നവർക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് ആക്ഷൻ കമ്മിറ്റി.