തൊടുപുഴ: കേരള ബാങ്കിന്റെ നേതൃത്വത്തിൽ നാളെ തൊടുപുഴയിൽ വായ്പാമേള നടത്തുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. മേളയിൽ ഇരുന്നൂറോളം വായ്പകളിലായി പത്തുകോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മുനിസിപ്പൽ ടൗണ്‍ഹാളിൽ ഉച്ചകഴിഞ്ഞു രണ്ടിനു നഗരസഭ ചെയർമാൻ സനീഷ് ജോർജ് വിതരണോദ്ഘാടനം നിർവഹിക്കും. ബാങ്ക് ഡയറക്ടർ കെ.വി.ശശി അധ്യക്ഷത വഹിക്കും.
കേരള ബാങ്ക് ആവിഷ്കരിച്ച് ജനകീയമായി നടപ്പാക്കി വരുന്ന സംരംഭക, കാർഷിക, വ്യക്തിഗത, ഭവന, വനിത, ചുമട്ട് തൊഴിലാളി, വിദ്യാഭ്യാസ, വാഹന, ലാപ്ടോപ്പ്, ഷീ ടൂവീലർ, പെൻഷൻ, മൈക്രോ ഫിനാൻസ്, എംഎസ്എംഇ, പ്രവാസി ഭദ്രത, ക്ഷീരമിത്ര തുടങ്ങി അന്‍പതിലേറെ വായ്പാ പദ്ധതികൾ മേളകൾ സംഘടിപ്പിച്ച് വിതരണം ചെയ്യും.
ഇതിന്റെ ഭാഗമായി ജില്ലയിൽ കട്ടപ്പന,അടിമാലി എന്നിവിടങ്ങളിൽ നടത്തിയ മേളയിലൂടെ 324 വായ്പകളിലായി 22 കോടിയോളം വിതരണം ചെയ്തു.
പത്ര സമ്മേളനത്തിൽ ഡിജിഎം തോമസ് ജോണ്‍, ഏരിയ മാനേജർമാരായ കെ.മനോജ്, പി.ബിന്ദു എന്നിവർ പങ്കെടുത്തു.