മാലിന്യനിർമാർജനത്തിൽ ജില്ല മാതൃകയാകണം: പരിസ്ഥിതി സമിതി
1340245
Wednesday, October 4, 2023 11:19 PM IST
ഇടുക്കി: കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ജില്ല മാലിന്യനിർമാർജനത്തിൽ മാതൃകയാകണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പരിസര മലിനീകരണം നടത്തുന്നവർക്കെതിരേ പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കണം. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലയിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച. സംഘടനകളിൽനിന്നും പൊതുജനങ്ങളിൽനിന്നും പരാതികൾ സ്വീകരിക്കുകയും ചെയ്തു.
ഇ.കെ. വിജയൻ എംഎൽഎ ചെയർമാനായ സമിതിയിൽ എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിൽ, ജോബ് മൈക്കിൾ, ലിന്റോ ജോസഫ്, സജീവ് ജോസഫ് എന്നിവരാണ് അംഗങ്ങൾ.
യോഗത്തിൽ എം.എം. മണി എംഎൽഎ, ജില്ലാ കളക്ടർ ഷീബ ജോർജ്, സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായർ. എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാതല വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലുടനീളം ടേക്ക് എ ബ്രേക് മാതൃകയിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നതിന് വനം, വൈദ്യുതി വകുപ്പധികൃതരുമായി ചർച്ച നടത്തി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ജില്ലാ കളക്ടർക്ക് സമിതി നിർദേശം നൽകി. കർഷകർക്ക് കീടനാശിനികളെ സംബന്ധിച്ച് ശരിയായ ബോധവത്കരണം നൽകേണ്ടതുണ്ട്.
വനംവകുപ്പും പോലീസും പരമാവധി നിരീക്ഷണ കാമറകൾ സ്ഥാപിച്ച് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തണം.
പരിസ്ഥിതി സമിതി സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10ന് മൂന്നാർ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേരും. ഗ്യാപ് റോഡിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലിനെതിരെയുള്ള പരാതിയിൽ ജില്ലാതല ഉദ്യോഗസ്ഥരിൽനിന്ന് തെളിവെടുപ്പു നടത്തും. തുടർന്ന് ഗ്യാപ് റോഡ്, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ, മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും.