കട്ടപ്പനയിൽ കുരുമുളക് മോഷ്ടിച്ചു വിറ്റ കേസിൽ വ്യാപാരി ഉൾപ്പെടെ നാലുപേർ പിടിയിൽ
1396789
Saturday, March 2, 2024 3:09 AM IST
കട്ടപ്പന: കുരുമുളക് മോഷ്ടിച്ച് വില്പന നടത്തി വന്നിരുന്ന സംഘത്തെയും മോഷണ മുതല്‍ വാങ്ങിയിരുന്ന വ്യാപാരിയെയും അറസ്റ്റു ചെയ്തു. കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍ (28), തൊവരയാര്‍ കല്യാണതണ്ട് പയ്യംപളളിയില്‍ രഞ്ചിത്ത് (27), വാഴവര കൗന്തി കുഴിയത്ത് ഹരികുമാര്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ സ്ഥിരമായി മോഷ്ടിച്ച കുരുമുളക് വിറ്റിരുന്ന കട്ടപ്പനയിലെ മലഞ്ചരക്ക് വ്യാപാരി കട്ടപ്പന സാഗരാ ജംക്ഷന് കരിമരുതുങ്കല്‍ പുത്തന്‍പുരയ്ക്കല്‍ സിംഗിള്‍മോന്‍ (44) എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ കടയില്‍നിന്നു പ്രതികള്‍ വില്പന നടത്തിയ കുരുമുളക് കണ്ടെത്തി.
തങ്കമണി പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നു പ്രതികള്‍ മോഷണം ചെയ്തിരുന്ന മുതലുകള്‍ സിംഗിള്‍മോന്‍ വാങ്ങിയിട്ടുണ്ട്. മോഷണക്കേസില്‍ അറസ്റ്റിലായവര്‍ കൊലപാതകം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ്. കട്ടപ്പന ഡിവൈഎസ്പിയുടെയും നിര്‍ദേശ പ്രകാരം കട്ടപ്പനഇന്സ്പെക്ടര് എന്‍. സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.