വന്യജീവി ആക്രമണം: നടപടികള്‍ വൈകിയാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് വിജയപുരം രൂപത
1396930
Sunday, March 3, 2024 2:57 AM IST
മൂന്നാര്‍: വന്യജീവികളുടെ ആക്രമണം മൂലം ജനങ്ങള്‍ അതീവ ഭീതിയിലാണ് കഴിയുന്നെതന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഇനിയും വൈകുന്ന പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിജയപുരം സഹായമെത്രാന്‍ റവ. ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍.
കഴിഞ്ഞ തിങ്കളാഴ്ച മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സുരേഷ്കുമാര്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കാന്‍ ഇടയായ സംഭവത്തെത്തുടര്‍ന്നു മൂന്നാറില്‍ വിജയപുരം രൂപതയുടെ കീഴിലെ മൂന്നാര്‍ ഫൊറോന, മിസ്റ്റ്സ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഇടുക്കി രൂപതയുടെ കീഴിലെ മാങ്കുളം ഫൊറോന, കെസിവൈഎം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മൂന്നാര്‍ നല്ലതണ്ണി ജംഗ്ഷനില്‍നിന്നും റീജണല്‍ ഓഫീസ് ജംഗ്ഷന് വരെ ജനരക്ഷാ ജാഗരണ റാലിയും നടത്തി. വന്യജീവികളുടെ ആക്രമണത്തെ ചെറുക്കാന്‍ സര്‍ക്കാറിന്റെ നിലവിലുള്ള സംവിധാനങ്ങളെ ഫലപ്രദമായി ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉപയുക്തമായ 10 ഇന പരിഹാര നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് മുമ്പില്‍ സമര്‍പ്പിച്ചു.
ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള വൈദികര്‍, സന്യസ്തര്‍, സെന്റർ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റീസ് പ്രവര്‍ത്തകര്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
മാങ്കുളം ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കല്‍, മിസ്റ്റ്സ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, കെസിവൈഎം രൂപത വൈസ് പ്രസിഡന്റ് , മേഖലാ സെക്രട്ടറി ഏയ്ഞ്ചല്‍ സണ്ണി, പൊതുപ്രവര്ത്തകന് ഡി. കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.