തെരഞ്ഞെടുപ്പ് വിവരങ്ങൾ അറിയിക്കാൻ ഹാം റേഡിയോ സജ്ജമാണ്
1415915
Friday, April 12, 2024 3:44 AM IST
ചെറുതോണി: ആവശ്യമെങ്കിൽ വാർത്താവിനിമയ സംവിധാനമില്ലാത്ത ജില്ലയിലെ അവികിസിത മേഖലകളിൽനിന്നു തെരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം ഹാം റേഡിയോവഴി ജില്ലാ ഭരണകൂടത്തിനും ഇലക്ഷൻ കമ്മീഷനും കൈമാറാൻ തയാറാണെന്ന് ഇടുക്കി ഹാം റേഡിയോ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സൊസൈറ്റി.
മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായാലും ഹാം റേഡിയോ സേവനം എപ്പോഴും ലഭ്യമാകും. ഒരു ബാറ്ററി സെൽ ഉണ്ടെങ്കിൽ ആഴ്ചകളോളം ഹാം റേഡിയോ പ്രവർത്തിപ്പിക്കാനാകും. 2010ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽനിന്നു തെരഞ്ഞെടുപ്പ് വിവരങ്ങൾ സർക്കാരിന് കൈമാറാൻ ഇടുക്കിയിലെ ഹാം റേഡിയോ പ്രവർത്തകരെ ചുമതലപ്പെടുത്തിയിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സർക്കാർ, ഹാം റേഡിയോ പ്രവർത്തകരുടെ സഹായം തേടുന്നത്. ഇടമലക്കുടിയിലെ തെരെഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം ആകാശവാണി, ദൂരദർശൻ അടക്കമുള്ള അച്ചടി - ദൃശ്യമാധ്യമങ്ങൾക്ക് നല്കിയത് ഹാമുകളാണ്.
പോളിംഗിനു ശേഷം ആനശല്യമുണ്ടായതിനെത്തു ടർന്ന് വോട്ടിംഗ് മെഷീനുമായി ഇടമലക്കുടിയിൽ നിന്നു പെട്ടിമുടിയിലേക്ക് അന്നേ ദിവസം വരാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ഉചിതമായ തീരുമാനമെടുക്കാൻ അന്നത്തെ ജില്ലാ കളക്ടർ അശോക് കുമാർ സിംഗ് ഹാം റേഡിയോ പ്രവർത്തകർക്ക് നിർദേശം നല്കുകയായിരുന്നു.
ഇതേത്തുടർന്ന് ഹാം പ്രവർത്തകർ കൂടിയാലോചിച്ച് വാൽപ്പാറ വഴി തമിഴ്നാട്ടിലെത്തി. അവിടെ നിന്ന് കമ്പം, തേനി വഴിയാണ് ഉദ്യോഗസ്ഥരും സംഘവും ബാലറ്റ് പെട്ടിയും മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഇടുക്കിയിലെത്തിയത്.
2014ൽ പട്ടികവർഗ വകുപ്പ് മന്ത്രിയായിരുന്ന പി. കെ. ജയലക്ഷ്മി ഇടമലക്കുടിയിലെത്തിയപ്പോഴും ഹാം റേഡിയോ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നിറഞ്ഞുകവിഞ്ഞപ്പോഴും പുല്ലുമേട് ദുരന്തം, പെട്ടിമുടി ദുരന്തം, ഓഖി ദുരന്തം, പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കും വാർത്താ വിനിമയമൊരുക്കിയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയും ഹാം റേഡിയോ പ്രവർത്തകർ മുന്നിലുണ്ടായിരുന്നു.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഹാം റേഡിയോ സംവിധാനം പ്രവർത്തിക്കുന്നത്. മന്ത്രാലയത്തിന്റെ ലൈസൻസ് ഉള്ളവരാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. അവികസിതമായ പ്രദേശത്ത് കമ്യൂണിക്കേഷൻ ലഭ്യമല്ലാത്ത സ്ഥലത്ത് നിന്നും താത്കാലിക ആന്റിനകൾ സ്ഥാപിച്ച് വാർത്താ വിനിമയം ഒരുക്കാം എന്നതാണ് ഹാം റേഡിയോയുടെ നേട്ടം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ എല്ലാ സഹകരണവും നല്കാൻ തയാറാണെന്ന് ഇടുക്കി ഹാം റേഡിയോ ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സൊസൈറ്റി ഭാരവാഹികളായ മനോജ് ഗ്യാലക്സി, പി.എൽ. നിസാമുദീൻ, ഒ.എൻ. രാജു, എസ്. വിജയകുമാർ എന്നിവർ അറിയിച്ചു.