മൂന്നാർ ബസിലിക്ക പ്രാർഥനാനിറവിൽ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്കു സമാപനം
1425274
Monday, May 27, 2024 2:35 AM IST
മൂന്നാർ: ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ പ്രാർഥനാസൗരഭ്യം നിറഞ്ഞ അന്തരീക്ഷത്തിൽ മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിൽ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്കു സമാപനം. കഴിഞ്ഞ ദിവസം ബസിലിക്കയായി ഉയർത്തപ്പെട്ട ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തിന്റെ മുന്പിലാണ് നടന്നത്.
സമാപനത്തിന്റെ ഭാഗമായുള്ള കൃതജ്ഞതാബലി ബസിലിക്ക ദേവാലയത്തിൽ ഉച്ചയ്ക്ക് രണ്ടിന് വിജയപുരംബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹ വഴികളിലൂടെയാണ് മൂന്നാർ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപൂഴ രൂപത മെത്രാൻ ഡോ. യൂഹന്നാൻ മാർ തിയോഡ്യഷസ്, കോട്ടപ്പുറം രൂപത മുൻ മെത്രാൻ റവ. ഡോ. ജോസഫ് കാരിക്കശേരി, വിജയപുരം രൂപത സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറന്പിൽ തുടങ്ങിയവർ സഹകാർമികരായി.
മൂന്നാർ മേഖലയിലെ വൈദികർ, സന്യസ്തർ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
തുടർന്നു നടന്ന പൊതുസമ്മേളനം മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.രാജാ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ മെത്രാൻ ഡോ. യൂഹന്നാൻ മാർ തിയോഡ്യഷസ് അധ്യക്ഷത വഹിച്ചു. ഡോ. ജസ്റ്റിൻ മഠത്തിൽപ്പറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.
മുൻ എംഎൽഎ എ.കെ. മണി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ബാബുലാൽ, വ്യാപാര വ്യവസായി സമിതി പ്രസിഡന്റ് സി.കെ. ജാഫർ, ഡി. കുമാർ, എസ്.വിജയകുമാർ, സി. നെൽസണ്, ലിജി ഐസക്, എം.ജെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പൊതുസേമ്മളനത്തിനു ശേഷം കാർമൽ ഡ്രാമാ ടീം അവതരിപ്പിച്ച നാടകവും കലാപരിപാടികളും നടന്നു.