പരാതിയുമായി എത്തിയ അംഗപരിമിതന് വാക്കര്‍ സമ്മാനിച്ച് നെടുങ്കണ്ടം പോലീസ്
1425519
Tuesday, May 28, 2024 6:27 AM IST
നെടുങ്കണ്ടം: വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ കാല് നഷ്ടപ്പെട്ട മധ്യവയസ്കന് പരാതിയുമായി എത്തി. വാക്കര്‍ സമ്മാനിച്ച് നെടുങ്കണ്ടം പോലീസ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചു പ്രവര്‍ത്തിച്ചിരുന്ന കാന്റീനിലെ ജീവനക്കാരനായിരുന്നു തേര്‍ഡ്ക്യാമ്പ് സ്വദേശി സഞ്ജയ്. അഞ്ചുവര്‍ഷം മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇദ്ദേഹത്തിന് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഒരു കാല് മുറിച്ചുമാറ്റേണ്ടിവന്നു.
പിന്നീട് ചെറിയ വാക്കറിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍, കാലപ്പഴക്കം മൂലം ഇതുനശിച്ചുപോയതോടെ നിലത്തുകൂടി ഇഴഞ്ഞാണ് അത്യാവശ്യ കാര്യങ്ങള്‍ക്കായി പോയിരുന്നത്. ഇന്നലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ സ്വകാര്യ പരാതി ബോധിപ്പിക്കാന്‍ ഓട്ടോറിക്ഷയിലാണ് ഇയാള്‍ എത്തിയത്. ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങി നിലത്തുകൂടി നിരങ്ങിവന്ന ഇദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് സ്റ്റേഷനുള്ളില്‍ എത്തിച്ചു.
സഞ്ജയിൽന്നുഎസ്ഐ ടി. വിനോദ്കുമാര്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും തുടര്‍ന്ന് എസ്ഐ തന്നെ പുതിയ വാക്കര്‍ വാങ്ങി സഞ്ജയ്ക്ക് സമ്മാനിക്കുകയായിരുന്നു. വാക്കര്‍ ലഭിച്ചതോടെ സന്തോഷത്തോടെയാണ് സഞ്ജയ് പോലീസ് സ്റ്റേഷനില്‍നിന്നും മടങ്ങിയത്. മുമ്പും സാമൂഹ്യ സേവന രംഗത്ത് നല്ല സേവനം കാഴ്ചവച്ചിട്ടുള്ള വ്യക്തിയാണ് എസ്ഐ വിനോദ്കുമാര്‍. നിര്‍ധനരായ പല രോഗികള്‍ക്കും ചികിത്സാസഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്.