മാങ്കുളത്തെ പട്ടയവിഷയങ്ങളിൽ പരിഹാരം കാണമെന്ന്
1436576
Tuesday, July 16, 2024 11:31 PM IST
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുന്ന പട്ടയ, ഭൂവിഷയങ്ങളിൽ പൂർണ പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. മാങ്കുളത്ത് ജനവാസമാരംഭിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഭൂവിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.
1999ൽ ഭൂമി ലഭിച്ച ആയിരത്തിലധികം കർഷകർ ഉൾപ്പെടെ പട്ടയം ലഭിക്കുന്നതടക്കമുള്ള തുടർനടപടികൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. കവിതക്കാട്, പാന്പുംകയം, മാങ്ങാപ്പാറ, ആറാംമൈൽ തുടങ്ങി മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിലായിരുന്നു കർഷകർക്കായി ഭൂമി വിതരണം ചെയ്തത്. അലോട്ട്മെന്റ് ഉത്തരവ് ലഭിച്ചതൊഴിച്ചാൽ പിന്നീട് തുടർ നടപടികളിൽ മുന്പോട്ട് പോക്കുണ്ടായില്ലെന്നാണ് കർഷകരുടെ പരാതി.
1980-85 കാലഘട്ടങ്ങളിൽ മാങ്കുളത്ത് ഭൂമി ലഭിച്ച കർഷകരും പട്ടയത്തിനായി കാത്തിരിക്കുകയാണ്. ആയിരത്തിലധികം ആളുകൾക്ക് 1980ലും മാങ്കുളത്ത് ഭൂമി വിതരണം ചെയ്തിരുന്നു. പട്ടയ, ഭൂവിഷയങ്ങളിൽ ഇനിയും ശാശ്വത പരിഹാരം ഉണ്ടാവാത്തത് വിനോദ സഞ്ചാരമേഖലയടക്കമുള്ള മാങ്കുളത്തിന്റെ സമഗ്രവികസനത്തിന് തിരിച്ചടിയുമാണ്.