കണ്ണീരിൽ കുതിർന്ന് ചിന്നക്കനാൽ
1438264
Monday, July 22, 2024 11:41 PM IST
മൂന്നാർ: കാട്ടാനകളുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ച ആദിവാസി യുവാവ് കണ്ണന് കണ്ണീരിൽ കുതിർന്ന നാടിന്റെ അന്തിമോപചാരം. നൂറു കണക്കിനാളുകളാണ് കണ്ണന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിലായിരുന്ന മൃതദേഹം പത്തുമണിയോടെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എ. രാജാ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.
ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ വനം വകുപ്പ് പരാജയമാണെന്നും വന്യജീവികളിൽനിന്നു സംരക്ഷണം നൽകാൻ നിയോഗിച്ച ആർആർടി സംഘത്തിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും എംപി പറഞ്ഞു. കണ്ണന്റെ മൃതദേഹം ചിന്നക്കനാലിലെ ടാങ്കുകുടിയിൽ എത്തിച്ചപ്പോൾ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതോടെ കസേരകൾ കൂട്ടിയിട്ട് അതിനു മുകളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കേണ്ടി വന്നു.
കണ്ണന് അന്തിമോപചാരമർപ്പിക്കുവാൻ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽനിന്നുള്ള നിരവധി പ്രമുഖർ എത്തിയിരുന്നു. വൈകുന്നേരത്തോടെ കുടിയിൽ തന്നെയായിരുന്ന സംസ്കാര ചടങ്ങുകൾ. ചടങ്ങിന് എത്തിയ നാട്ടുകാർ വനംവകുപ്പിനെതിരെ രോഷത്തോടെയായിരുന്നു പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് നേരിയ സംഘർഷത്തിന് ഇടയാക്കി. ഓഫീസിനു മുന്നിൽ സമരക്കാരെ തടഞ്ഞതോടെയാണ് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായത്. പ്രശ്നക്കാരായ എല്ലാ ആനകളെയും നാടുകടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.