വിവാദ കോഴ ആരോപണം: പോലീസ് അന്വേഷണം തുടങ്ങി
1483166
Saturday, November 30, 2024 3:48 AM IST
തൊടുപുഴ: ജില്ലാ കലോത്സവത്തിലെ വിധി കർത്താക്കളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കോഴ ആരോപണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയിലെ ഒരു പ്രമുഖ നൃത്താധ്യാപകൻ ചില വിധി കർത്താക്കളുമായി നടത്തുന്നുവെന്ന തരത്തിലുള്ള ഫോണ് സംഭാഷണത്തിന്റെ ശബ്ദ രേഖകളടക്കം പ്രചരിച്ചതിനെ തുടർന്ന് കലോത്സവ വേദിയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഏതൊക്കെ കുട്ടികൾക്ക് ഒന്നാം സ്ഥാനം നൽകണമെന്ന തരത്തിലായിരുന്നു ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിച്ചത്.
കഞ്ഞിക്കുഴി സിഐയുടെ നേതൃത്വത്തിലാണ് പരാതിയെ സംബന്ധിച്ച് അന്വേഷിക്കുന്നത്. ഏതൊക്കെ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് വാട്സാപ്പിലൂടെ ഒരു നൃത്താധ്യാപകൻ ഇവർക്ക് നിർദേശം നൽകിയെന്നായിരുന്നു മറ്റ് നൃത്താധ്യാപകരുടെയും വിദ്യാർഥികളുടെയും ആരോപണം.
വ്യാഴാഴ്ച വേദി ഒന്നിൽ വിധികർത്താക്കളെത്തി മത്സരം ആരംഭിക്കാനിരിക്കെയാണ് ഒരു സംഘം അധ്യാപകരും മത്സരാർഥികളും ആരോപണങ്ങളുമായി എത്തുന്നത്. തങ്ങളുടെ ആരോപണങ്ങൾക്ക് തെളിവായി വിവാദ നൃത്താധ്യാപകൻ വിധികർത്താക്കൾക്ക് അയച്ചു നൽകിയ ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും കാണിച്ചു.
പ്രതിഷേധം കനത്തതോടെ നൃത്ത അധ്യാപകരെ വിളിച്ചു ചേർത്ത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ചർച്ച നടത്തി. വിധികർത്താക്കളെ മാറ്റണമെന്ന ആവശ്യത്തിൽ നൃത്ത അധ്യാപകർ ഉറച്ചു നിന്നതോടെ മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇടുക്കി ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ കലോത്സവ വേദിക്ക് മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.