വായനയുടെ വാതിൽ തുറന്ന് നാടും നഗരവും
1568389
Wednesday, June 18, 2025 9:55 PM IST
തൊടുപുഴ: ലോക വായനാദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ കലാലയങ്ങൾ, ലൈബ്രറികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തും. വാരാചരണത്തിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, ഉപന്യാസം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
ലൈബ്രറികളുടെ നേതൃത്വത്തിൽ പുതിയ പുസ്തകങ്ങൾ ശേഖരിച്ച് വായനയുടെ ലോകം വിപുലീകരിക്കാനുള്ള പദ്ധതികളും തയാറാക്കിയിട്ടുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ. പണിക്കരുടെ ചരമവാർഷിക ദിനമായ ഇന്നു മുതൽ ഐ.വി. ദാസ് അനുസ്മരണ ദിനമായ ജൂലൈ ഏഴുവരെയാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്.
ജില്ലാതല
ഉദ്ഘാടനം ഇന്ന്
ഇടുക്കി: വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് പൈനാവ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ അധ്യക്ഷത വഹിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ജോയി കാട്ടുവള്ളി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടത്തും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം രാജു ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ്. വിനോദ് എന്നിവർ പ്രസംഗിക്കും.
വഴിത്തല: പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 11നു വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ വായനദിന ജില്ലാതല ഉദ്ഘാടനം നടക്കും. രാവിലെ 11നു നടക്കുന്ന സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ ജോസ് വഴുതനപ്പിള്ളി അധ്യക്ഷത വഹിക്കും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ലാലു ചകനാൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സ്വാമി അയ്യപ്പദാസ് ലഹരിവിരുദ്ധ സന്ദേശം നൽകും. പ്രിൻസിപ്പൽ ടോമി ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് കുരുവിള, ലൈബ്രറി കൗണ്സിൽ താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ, ഫൗണ്ടേഷൻ പ്രസിഡന്റ് ജോയി കാട്ടുവള്ളി, സ്കൂൾ ഹെഡ്മാസ്റ്റർ ജിജി ജയിംസ് എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ അവാർഡ് ജേതാക്കളെ ആദരിക്കും.