ചിന്നാര്‍ സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്; മണ്ണിടിച്ചില്‍ സാധ്യതയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്ന്
1568424
Wednesday, June 18, 2025 10:33 PM IST
അടിമാലി: പനംകുട്ടിയില്‍ മുതിരപ്പുഴയാറിനോടു ചേര്‍ന്ന് നിർമിക്കുന്ന ചിന്നാര്‍ സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പെന്‍സ്റ്റോക്ക് സ്ഥാപിക്കാനുള്ള നടപടികളും പവര്‍ഹൗസിന്റെ നിര്‍മാണ ജോലികളും നടക്കുന്നതിനു സമീപം മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഭാഗത്തെ കുടുംബങ്ങളുടെ ഭൂമി കൂടി വൈദ്യുതി വകുപ്പ് ഏറ്റെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വലിയ ചെരിവുള്ള പ്രദേശത്താണ് നിർമാണ ജോലികൾ നടക്കുന്നത്. ഈ ഭാഗത്ത് മണ്ണിന് കാര്യമായ ഉറപ്പില്ലെന്നും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെ പതിനൊന്നു കുടുംബങ്ങള്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാഭരണകൂടത്തിനടക്കം വിവിധയിടങ്ങളില്‍ പരാതികള്‍ സമര്‍പ്പിച്ചിരുന്നു.
വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെയും കുടുംബങ്ങള്‍ സമീപിച്ചിരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എൻഐടിയിൽനിന്നുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തി.
റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സന്ദര്‍ശകസംഘം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് തുടര്‍ജീവിതം സാധ്യമല്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.