ദുരിതമായി നല്ലതണ്ണി-ആശുപത്രി റോഡ്
1568423
Wednesday, June 18, 2025 10:33 PM IST
മൂന്നാർ: ആശുപത്രി റോഡ് തകർന്ന് യാത്ര ദുരിതമായി. അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാർ നിവാസികളുടെ ഏകാശ്രയമായ ഹൈറേഞ്ച് ആശുപത്രി റോഡാണ് തകർന്നത്. നല്ലതണ്ണി പാലത്തിനു സമീപത്തുനിന്ന് ആശുപത്രിയിലേയ്ക്ക് പോകുന്ന ഭാഗമാണ് കൂടുതൽ തകർന്നത്.
രോഗികളുമായി ചെല്ലുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഇതുമൂലം ബുദ്ധിമുട്ടിലാകുകയാണ്.
വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും നാട്ടുകാർക്ക് ദുരിതമാകുകയാണ്. റോഡിന്റെ ദുരവസ്ഥയും പാർക്കിംഗും ഏറെ ദുരിതം നൽകിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016-ൽ ഈ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 4,35,000 രൂപ അനുവദിച്ച് പണികൾ നടത്തിയിരുന്നെങ്കിലും മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടായതോടെ റോഡ് തകർന്നു.
ശക്തമായ മഴയിൽ റോഡ് കൂടുതൽ തകരുന്ന നിലയിലാണ്. റോഡിന്റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.