റെയില്‍വേ കള്‍വര്‍ട്ടുകളിലെ മാലിന്യനീക്കം പൂര്‍ത്തിയാകാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
1568059
Tuesday, June 17, 2025 7:19 AM IST
കൊച്ചി: നഗരത്തിലെ റെയില്‍വേ കള്‍വര്‍ട്ടുകളിലെ മാലിന്യനീക്കം മഴക്കാലം എത്തിയിട്ടും പൂര്‍ത്തിയാകാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. 23 കള്‍വര്‍ട്ടുകളില്‍ 15 എണ്ണത്തിന്റെ ശുചീകരണമാണ് ഇന്നലെ വരെ പൂര്‍ത്തിയായതെന്ന് റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു. ഈ പ്രവൃത്തി സംബന്ധിച്ച് റെയില്‍വേയും കോര്‍പറേഷനും തമ്മില്‍ ധാരണയിലെത്താന്‍ വൈകിയതും കാലതാമസത്തിന് കാരണമായി.
കള്‍വര്‍ട്ടുകളില്‍ പ്ലാസ്റ്റിക് മാലിന്യമടക്കം അടിയുന്നത് തടയാന്‍ ദീര്ഘകാലപരിഹാര നടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. മഴ കഴിയുമ്പോള്‍ ഇതിനു തുടക്കം കുറിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്തയാഴ്ച വിഷയം പരിഗണിക്കുമ്പോള്‍ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കാമെന്ന് റെയില്‍വേ അറിയിച്ചു. നഗരത്തില്‍ വെള്ളം കെട്ടുന്ന ഹോട്സ്പോട്ടുകളില്‍ പ്രത്യേക ശ്രദ്ധവേണമെന്നും നിര്‍ദേശിച്ചു. കാനകളിലേയും തോടുകളിലേയും ചെളിനീക്കം പൂര്‍ത്തിയായിവരികയാണെന്ന് കോര്പറേഷന് മറുപടി നല്കി.
തൃക്കാക്കരയില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ സമയം തേടി. നഗരത്തിലെ വെള്ളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് അധികൃതര്‍ നിലപാടറിയിച്ചത്. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.