ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽ കാറ്റിൽ വ്യാപക നാശം
1568073
Tuesday, June 17, 2025 7:29 AM IST
നെടുമ്പാശേരി: ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽ ഞായറാഴ്ച വൈകിട്ട് കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. ചെങ്ങമനാട് 18-ാം വാർഡിൽ 80-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് മുകളിൽ സമീപത്തെ പറമ്പിലെ കൂറ്റൻ തേക്ക് മരം വീണ് മുൻ ഭാഗത്ത് സ്ഥാപിച്ച ഷീറ്റുകൾ നിലംപൊത്തി.
കിഴക്ക്, പടിഞ്ഞാറ് ഭാഗത്തെ ഷീറ്റുകളാണ് മരം കടപുഴകി വീണ് നശിച്ചത്. കെട്ടിടത്തിനോ, മതിലുകൾക്കോ, കളി ഉപകരണങ്ങൾക്കോ കേടുപാടില്ല. ചെങ്ങമനാട് കൈത്തറി നെയ്ത്ത് സഹകരണ സംഘം വക കെട്ടിടത്തിന് മുകളിലും സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഭീമൻ തേക്ക് മരം കടപുഴകി വീണ് ഷീറ്റും മേൽക്കൂരയും തകർന്നു. മേൽക്കൂര ഏത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. ഏതാനും തറികൾക്കും തെക്ക് വശത്തെ ഭിത്തിക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. കടപുഴകി വീണ തേക്ക് മരം മാറ്റാനായിട്ടില്ല.
ചെങ്ങമനാട് പഞ്ചായത്തിലെ എട്ട്, ഒൻപത്, 18 വാർഡുകളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. മൂപ്പെത്തിയ ജാതി മരങ്ങളാണ് പ്രധാനമായും കടപുഴകി വീണത്. വിവിധയിനം വാഴകൾ, തെങ്ങ്, കവുങ്ങ്, മാവ് മരങ്ങളും കാറ്റിൽ നശിച്ചു. നെടുവന്നൂരിൽ കരുമത്തി ചാക്കപ്പൻ, പുത്തൻവീട്ടിൽ കരുമത്തി ബിജു ജോസഫ് എന്നിവരുടെ കൃഷികൾക്ക് ഭീമമായ നാശമുണ്ടായി. 18-ാം വാർഡിലെ പാലപ്രശേരി തെക്ക് കണ്ടംതുരുത്തിലും പലയിടത്തും ജാതി മരങ്ങളും വാഴ കൃഷികളും നശിച്ചു.