വയോധികനെ വഴിയില്‍ ഉപേക്ഷിച്ച സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
1568060
Tuesday, June 17, 2025 7:19 AM IST
കൊച്ചി: തൃശൂര്‍ സ്വദേശിയായ 65-കാരനെ എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് കീഴില്‍ ഉപേക്ഷിച്ച സംഭവം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. തൃശൂര്‍ സ്വദേശി ഷംസുദ്ദീനെയാണ് ഇക്കഴിഞ്ഞ 13ന് എറണാകുളം നോര്‍ത്ത് പാലത്തിന് താഴെ സഹോദരങ്ങള്‍ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ടയാളുടെ വിലാസം, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമത്തിന്റെ ലംഘനം സംഭവിച്ചിട്ടുണ്ടോ, സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. സാമൂഹികനീതിവകുപ്പ് ജില്ലാ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണം.
വയോധികന് ലഭ്യമാക്കിയ ചികിത്സ, പുനരധിവാസം ഉറപ്പാക്കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട വയോധികനുമായി ബന്ധപ്പെട്ട് ആര്‍ഡിഒയ്ക്ക് മുന്നില്‍ കേസുകള്‍ നിലവിലുണ്ടോ എന്നും പരിശോധിക്കണം.
അസിസ്റ്റന്റ് കമ്മീഷണറും ജില്ലാ സാമൂഹികനീതി ഓഫീസറും ജൂലൈ 15ന് രാവിലെ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവില്‍ പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.