എൻസിസിക്ക് സ്വന്തം കെട്ടിടം നിർമിക്കും
1568050
Tuesday, June 17, 2025 7:06 AM IST
വാഴക്കുളം: എൻസിസി 18 കേരള ബറ്റാലിയന് കല്ലൂർക്കാട് പഞ്ചായത്തിൽ സ്വന്തമായി ഓഫീസ് കെട്ടിടം ഉയരും. നാഗപ്പുഴയ്ക്കു സമീപമുള്ള കൂച്ചനിൽ ഓഫീസ്-കം-റസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കാനാണ് തീരുമാനം. ഇവിടെ വിദ്യാഭ്യാസ വകുപ്പിന്റെ ഒരേക്കറോളം സ്ഥലത്തു പ്രവർത്തിച്ചിരുന്ന ഗവ. എൽപി സ്കൂൾ കുട്ടികളുടെ ലഭ്യതക്കുറവുമൂലം രണ്ടായിരത്തിൽ നിർത്തലാക്കിയിരുന്നു.
ഈ സ്ഥലമാണ് എൻസിസി കെട്ടിടത്തിനായി കണ്ടെത്തിയിട്ടുള്ളത്. കേരള-ലക്ഷദ്വീപ് എൻസിസി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് ഷണ്മുഖം, കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ എസ്.എം. പ്രശാന്ത് നായർ എന്നിവർ സ്ഥലം സന്ദർശിച്ച് കെട്ടിടം നിർമിക്കാൻ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. വിശദമായ പ്ലാൻ തയാറാക്കാൻ പൊതുമരാമത്തുവകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിന് നിർദേശം നൽകും.
മൂന്നാം റൗണ്ട് സ്ഥല പരിശോധനയ്ക്കെത്തിയ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റിൻ, പഞ്ചായത്തംഗങ്ങളായ ബാബു മനയ്ക്കപ്പറന്പൻ, അനിൽ കെ. മോഹനൻ, പഞ്ചായത്ത് സെക്രട്ടറി കെ.ടി മാത്യു, എൻസിസി ഓഫീസർ സെസിൽ തുടങ്ങിയവരുമുണ്ടായിരുന്നു. നിലവിൽ 33 സ്ഥാപനങ്ങളിൽ നിന്നുള്ള 2600 കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന 18 കേരള ബറ്റാലിയൻ റീജണൽ ഓഫീസ് മൂവാറ്റുപുഴയിലെ വാടകക്കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്.