നെഞ്ചുവേദനയെതുടർന്ന് സ്കൂൾബസ് ഡ്രൈവർ മരിച്ചു
1576310
Wednesday, July 16, 2025 10:59 PM IST
മാള: സ്കൂൾബസ് ഡ്രൈവർ വിദ്യാർഥികളുമായി പോകവെ കുഴഞ്ഞുവീണു മരിച്ചു. കുരുവിലശേരി സ്വദേശിയും പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ സ്കൂൾബസ് ഡ്രൈവറുമായ മാരിക്കൽ കരിപ്പാത്ര സഹദേവൻ(64) ആണ് മരിച്ചത്.
യാത്രയ്ക്കിടെ നെഞ്ചുവേദനയുണ്ടായ ഉടനേ അപകടമില്ലാത്ത വിധത്തിൽ വാഹനം നിർത്തി കുട്ടികളെ സുരക്ഷിതരാക്കിയതിനുശേഷമാണ് സഹദേവൻ മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകീട്ട് നാലുമണിക്കാണ് സംഭവം. ബസിൽ ഒന്പതു വിദ്യാർഥികളും സ്കൂൾജീവനക്കാരിയുമുണ്ടായിരുന്നു.
ജീവനുവേണ്ടി പോരാടിയ സഹദേവനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി സ്കൂൾജീവനക്കാരി സമീപത്തെ വീട്ടുകാരെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലത്രെ. അടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരാണ് സഹദേവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ചത്. അതുവഴിവന്ന കാറിൽ സഹദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തുമിനിറ്റിലധികം സഹദേവൻ ബസിൽതന്നെ കിടക്കുന്ന അവസ്ഥയായിരുന്നു. ഇന്ന് ഇൻക്വസ്റ്റ് കഴിഞ്ഞു പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചയ്ക്കു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: രജനി. മക്കൾ: ശരണ്യ, നികേഷ്. മരുമകൻ: കൃഷ്ണകുമാർ.