കളക്ടർ വാക്കുപാലിച്ചു; അവധി "സ്നേഹപൂർവം സൽമാന്'
1576410
Thursday, July 17, 2025 1:55 AM IST
തൃശൂർ: തന്നെ ഓടിത്തോല്പിച്ച സൽമാനു നൽകിയ വാക്ക് ജില്ലാ കളക്ടർ പാലിച്ചു. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഇന്നു ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു പ്രഖ്യാപിച്ച അവധി സൽമാനു ഡെഡിക്കേറ്റ് ചെയ്ത് കളക്ടർ അർജുൻ പാണ്ഡ്യൻ. അവധി അറിയിപ്പിന്റെ പോസ്റ്ററിൽ "സ്നേഹപൂർവം സൽമാന്...' എന്നും ചേർത്തു. സൽമാനൊപ്പമുള്ള ഒരു പടവും.
കഴിഞ്ഞമാസം പാലപ്പിള്ളിയിൽനിന്നു ചിമ്മിനി റോഡിലൂടെയുള്ള 12 കിലോമീറ്റർ മാരത്തണിനിടെയാണ് ഏഴാംക്ലാസുകാരൻ സൽമാൻ, കളക്ടറെ ഓടിത്തോല്പിച്ചാൽ അവധി നൽകുമോ എന്നു ചോദിച്ചത്. ഓക്കേ പറഞ്ഞ കളക്ടർ ഒടുവിൽ സൽമാനൊപ്പമാണ് ഫിനിഷിംഗ് പോയിന്റിൽ എത്തിയത്. തന്റെ ഒപ്പമെത്തിയ സൽമാനെ ചേർത്തുപിടിച്ചഅദ്ദേഹം, മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലെടുത്താണ് അവധികൾ നിശ്ചയിക്കുന്നതെന്നും അടുത്ത അവധി സൽമാനു ഡെഡിക്കേറ്റ് ചെയ്യുമെന്നും ഉറപ്പുനൽകി.
ഇന്നലെ അതിശക്തമായ മഴയായിരുന്നു. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇതോടെ അവധിയുണ്ടാകുമോ എന്ന കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടികൂടിയായാണ് കളക്ടർ സൽമാനും സൽമാനെപ്പോലെ സ്പോർട്സിനെ സ്നേഹിക്കുന്ന കൊച്ചുകൂട്ടുകാർക്കുമായി അവധി ഡെഡിക്കേറ്റ് ചെയ്തത്. ഈ മഴഅവധികൾ വീട്ടിലിരുന്നു പഠിക്കാനും മറ്റു പ്രവൃത്തികൾക്കുമായി ഉപയോഗിക്കണം. പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വലിയ സ്വപ്നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടിക്കുതിക്കുവാൻ സൽമാനും സാധിക്കട്ടെ എന്ന വാക്കുകളോടെയാണ് കളക്ടർ പോസ്റ്റ് അവസാനിപ്പിച്ചത്.