ചക്കംകണ്ടത്ത് മാലിന്യം തള്ളാൻ നഗരസഭ തീരുമാനം; ഇല്ലെന്ന് എംഎൽഎ
1576426
Thursday, July 17, 2025 1:55 AM IST
ചാവക്കാട്: ചക്കംകണ്ടത്തെ മാലിന്യ സംസ്കരണ ശാലയിലേക്ക് ടാങ്കർ ലോറി വഴി ശുചിമുറി മാലിന്യം എത്തിക്കാൻ ഗുരുവായൂർ നഗരസഭ കൗൺസിൽ എടുത്ത തീരുമാനം റദ്ദാക്കണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം 28ന് ചേർന്ന ഗുരുവായൂർ കൗൺസിൽ യോഗ ത്തിലാണ് ഭരണകക്ഷിയായ സിപിഐയുടെ വിയോജന കുറിപ്പ് തള്ളി സിപിഎമ്മും പ്രതിപക്ഷവും ചേർന്ന് ഗുരുവായൂരിലെ കക്കൂസ് മാലിന്യം ചക്കംകണ്ടത്ത് തള്ളാൻ തീരുമാനിച്ചത്. ഗുരുവായൂർ നഗരസഭ ചെയർമാന്റെ സാന്നിധ്യത്തിലാണ് ഗുരുവായൂരിലെ മാലിന്യം ലോറിയിൽ കൊണ്ടുവന്ന് ചക്കംകണ്ടത്ത് തള്ളുകയില്ലെന്ന് എംഎൽഎ പറഞ്ഞത്. പ്രഖ്യാപനം ആത്മാർത്ഥതയുള്ളതാണെങ്കിൽ ശുരുവായൂർ നഗരസഭയുടെ കൗൺസിൽ യോഗം വിളിച്ചു ചേർത്ത് തീരുമാനം റദ്ദ് ചെയ്യുകയാണ് വേണ്ടതെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.
കൗൺസിൽ തന്നെ തിരുത്താതെ എംഎൽഎ യുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് പൗരവേദി ആരോപിച്ചു.
നഗരസഭ കൗൺസിൽ യോഗം ചേർന്ന് മാലിന്യം തള്ളാനുള്ള തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 20 ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് താലൂക്ക്പൗരാവകാശ വേദിയുടെയും ചാവക്കാട് താലൂക്ക് പൗരസമിതിയുടെയും നേത്രത്ത്വത്തിൽ ചക്കംകണ്ടത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കും.