കുരിയച്ചിറ മാലിന്യ പ്ലാന്റ്: തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ മാലിന്യം തടയും: സമരസമിതി
1576424
Thursday, July 17, 2025 1:55 AM IST
കുരിയച്ചിറ: ജൈവമാലിന്യസംസ്കരണ പ്ലാന്റ് പുനർനിർമാണവുമായി ബന്ധപ്പെട്ടു കളക്ടറുടെ ചേംബറിൽ നടന്ന സംയുക്തയോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാതെ മാലിന്യമെത്തിച്ചാൽ തടയുമെന്നു ആക്ഷൻ കൗണ്‍സിൽ ഫോർ ക്ലീൻ കുരിയച്ചിറ കൂട്ടായ്മ. ജില്ലാ കളക്ടറുടെ തീരുമാനങ്ങൾ മേയർ അട്ടിമറിച്ചെന്ന് ആരോപിച്ചു പ്ലാന്റിന്റെ ഉദ്ഘാടനദിവസം കൂട്ടായ്മ പ്രതിഷേധിച്ചിരുന്നു.
മൂന്നുകോടി ചെലവിട്ടു മുംബൈയിൽനിന്ന് എത്തിച്ച മെഷീൻ വാറന്റി കാലയളവ് കഴിഞ്ഞതിനുശേഷമാണു സ്ഥാപിച്ചതെന്ന ആരോപണവും ഉദ്ഘാടനദിവസംതന്നെ ഉയർന്നിരുന്നു. പ്ലാന്റിലേക്കു സ്ഥിരം വൈദ്യുതി കണക്ഷൻ നൽകാതെ മന്ത്രിയെ ബോധ്യപ്പെടുത്താനുള്ള ശ്രമംമാത്രമാണു നടന്നതെന്ന് ആക്ഷൻ കൗണ്‍സിൽ ചൂണ്ടിക്കാട്ടി.
മാലിന്യസംസ്കരണം പാളിയതോടെ കഴിഞ്ഞവർഷം നടത്തിയ സമരത്തെത്തുടർന്നാണ് ആധുനിക പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമായത്. മേയ് 28നു കളക്ടർ സംയുക്ത മീറ്റിംഗ് വിളിച്ചു. 2024 ജൂണ്‍ നാലിനു കോർപറേഷൻ മിനിറ്റ്സും പുറത്തിറക്കി. മീറ്റിംഗിലെ തീരുമാനം കഴിഞ്ഞ 13 മാസത്തിനിടെ കോർപറേഷൻ നടപ്പാക്കിയിട്ടില്ലെന്നു സമരസമിതി ആരോപിക്കുന്നു.
പ്ലാന്റിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് അറിയാൻ അഞ്ച് കൗണ്‍സിലർമാർ ഉൾപ്പെടെയുള്ള മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക, കൂട്ടായ്മ അംഗങ്ങൾക്കു തിരിച്ചറിയൽ കാർഡ് അടക്കം നൽകുക, പ്ലാന്റിന്റെ പ്രവർത്തനത്തിൽ അപാകതയുണ്ടെങ്കിൽ റിപ്പോർട്ട് നൽകുക എന്നിവയടങ്ങുന്നതാണ് തീരുമാനം. നിലവിൽ പ്ലാന്റിലേക്ക് ആർക്കും പ്രവേശനം നൽകിയിട്ടില്ല. പ്ലാന്റ് പ്രവർത്തനക്ഷമമായാൽ 24 ഡിവിഷനുകളിൽനിന്നുള്ള മാലിന്യമെത്തും.
അതിനുമുന്‍പ് ആവശ്യങ്ങളിൽ ചർച്ച നടത്തണമെന്നും ശക്തനിൽ സ്ഥാപിക്കേണ്ട മെഷീനാണ് കുരിയച്ചിറയിലുള്ളതെന്നും ഇതിനെതിരേ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും സമരസമിതി പറഞ്ഞു.