കർക്കടകപ്പുലരി പിറക്കുന്നു, കരിവീരച്ചന്തംനിറയും ആനയൂട്ട് ഇന്ന്
1576413
Thursday, July 17, 2025 1:55 AM IST
തൃശൂർ: കർക്കടകപ്പുലരി ഇന്ന്. വിണ്ണിൽ കരിമേഘങ്ങൾ നിറയുന്പോൾ മണ്ണിൽ വടക്കുന്നാഥക്ഷേത്രാങ്കണത്തിൽ കരിവീരച്ചന്തവും നിറയും. കർക്കടകം ഒന്നിനു വർഷങ്ങളായി നടത്തുന്ന ഗജപൂജയും ആനയൂട്ടും ഇന്നാണ്.
എല്ലാ വർഷവും നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് നടക്കുക. നാലുവർഷത്തിലൊരിക്കൽ നടത്താറുള്ള ഗജപൂജയും ഇത്തവണയുണ്ട്. പ്രത്യേകം തയാറാക്കിയ പന്തലിൽ കരിന്പടംവിരിച്ച് അഞ്ചാനകളെ വീതം മഞ്ഞപ്പട്ടണിയിച്ച് ഇരുത്തി പൂജിക്കും.
ആനയൂട്ടിനെത്തുന്നവയിൽ പിടിയാനകളുടെ എണ്ണം കൂടുതലാണ്. ഗുരുവായൂർ ദേവസ്വത്തിൽനിന്ന് ഏഴ് ആനകൾ ആനയൂട്ടിനെത്തും. അറുപതോളം ആനകൾ ഉറപ്പായിട്ടുള്ളതിൽ ഒന്പതു പിടിയാനകളുണ്ട്.
ഉണക്കലരിനിവേദ്യമാണ് വലിയ ഉരുളകളാക്കി ആനകൾക്കു നൽകുക. എസ്എൻഎ ഔഷധശാലയിൽ തയാറാക്കിയ ഔഷധക്കൂട്ടുകളും കരിന്പ്, തണ്ണിമത്തൻ, കൈതച്ചക്ക, കദളിപ്പഴം, കണിവെള്ളരി തുടങ്ങിയവും ആനകൾക്കു നൽകും.
12,008 നാളികേരം, 2500 കിലോ ശർക്കര, 200 കിലോ നെയ്യ്, 1000 കിലോ അവിൽ, 100 കിലോ മലർ, തേൻ, ഗണപതിനാരങ്ങ എന്നിവ ഉപയോഗിച്ചാണ് അഷ്ടദ്രവ്യ മഹാഗണപതിഹോമപ്രസാദം തയാറാക്കുക.
ആനയൂട്ടു കാണാൻ വൻതിരക്ക് അനുഭവപ്പെടുമെന്നതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ആളുകൾക്കു ക്ഷേത്രത്തിനകത്തേക്കു പ്രവേശിക്കാൻ പടിഞ്ഞാറേനടയിൽ താത്കാലിക ഫ്ളൈഓവർ നിർമിച്ചിട്ടുണ്ട്.