വള്ളംമറിഞ്ഞ് ഒരാളെ കാണാതായി; രണ്ടുപേർ നീന്തിരക്ഷപ്പെട്ടു
1576431
Thursday, July 17, 2025 1:55 AM IST
ചേറ്റുവ: മത്സ്യബന്ധനത്തിനുള്ള ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി; രണ്ടു പേർ നീന്തി കരപ്പറ്റി. ചേറ്റുവ അഴിമുഖത്തിന് പടിഞ്ഞാറ് ശക്തമായ കാറ്റിലും തിരയിലും പെട്ട് മീന്‍പിടിത്ത ചെറുവള്ളം ഇന്നലെ വൈകിട്ട് ആറോടെ മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളെ കാണാതായി. കയ്പമംഗലം കൂരിക്കുഴി നെച്ചിപ്പറമ്പില്‍ അഷ്റഫിന്റെ മകന് അന്‍സിലി(18)നെയാണ് കാണാതായത്.
വലപ്പാട് ബീച്ച് സ്വദേശികളായ കല്ലയില്‍ ബിബിന്‍(38), തട്ടാരുപുരയ്ക്കല് വിജിത്ത്(35) എന്നിവരാണ് നീന്തിരക്ഷപ്പെട്ടത്. ഏത്തായി ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ഇവരെ ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലപ്പാട് കഴിമ്പ്രം സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ മഹാസേനന് വള്ളത്തിന്റെ കാരിയര്‍ വള്ള(ഡിങ്കി)മാണ് അപകടത്തില്‍ പെട്ടത്. കടല്‍ പെട്ടെന്ന് പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ചേറ്റുവ ഹാര്‍ബറിലേക്കു വരികയായിരുന്ന വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും ഏറെ നേരം മറിഞ്ഞ വള്ളത്തില്‍ പിടിച്ചുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അന്‍സില്‍ പിടിത്തം വിട്ട് മുങ്ങിപ്പോകുകയായിരുന്നുവെന്ന് പറയുന്നു.
മുനയ്ക്കകടവ് തീരദേശ പോലീസും മത്സ്യതൊഴിലാളികളും ബോട്ടിലും വള്ളങ്ങളിലുമായി അന്‍സിലിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയിലും തെരച്ചിൽ നടത്തുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമാണ്. അപകടത്തില്‍പെട്ട കാരിയര്‍ വള്ളം മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കരയ്ക്കുകയറ്റി.