ലക്ഷ്യം പത്തുലക്ഷം തൈകൾ; ഇതുവരെ നട്ടതു 90,471
1570114
Wednesday, June 25, 2025 1:43 AM IST
പാലക്കാട്: ലോക പരിസ്ഥിതിദിനത്തിൽ ആരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ നട്ടത് 90471 തൈകൾ. തൊഴിലുറപ്പു പദ്ധതി, സാമൂഹിക വനവത്കരണ വകുപ്പ്, സ്വകാര്യ നഴ്സറികൾ വഴി ജനകീയമായാണ് തൈകൾ ലഭ്യമാക്കിയത്.
സെപ്റ്റംബർ 30 നകം ജില്ലയിൽ 10 ലക്ഷം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ വിവിധ മേഖലയിലെ പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയിൽ ഒരുലക്ഷം കരിമ്പനത്തൈകൾ നട്ടുപിടിപ്പിക്കുന്ന "പനപർവ്വം' പരിപാടി വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
വൃക്ഷവത്കരണത്തിന്റെ ഭാഗമായി നാലുലക്ഷം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ, മൂന്നുലക്ഷം വിദ്യാർഥികൾ, 200 ക്ലബുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ, വ്യവസായ സംഘടനകൾ, വിവിധ വകുപ്പുകൾ, അക്കാദമിക സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ, സാമൂഹിക- സാംസ്കാരിക സർവീസ് സംഘടനകൾ കാന്പയിനിന്റെ ഭാഗമാകും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, നവകേരളം കർമപദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ പി. സെയ്തലവി, തൊഴിലുറപ്പുപദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.എസ്. ശുഭ, അഡീഷണൽ എസ്പി എസ്. ഷംസുദ്ദീൻ, കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ എൻ. ഉണ്ണികൃഷ്ണൻ, പരിസ്ഥിതി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.