അപകടമരം മുറിച്ചുനീക്കാൻ തുടങ്ങി
1570116
Wednesday, June 25, 2025 1:43 AM IST
വടക്കഞ്ചേരി: വാർത്താ പരമ്പരകൾക്കും തുടർച്ചയായ പരാതികൾക്കുമൊടുവിൽ വടക്കഞ്ചേരി ടൗണിൽ റോളക്സ് ഓഡിറ്റോറിയത്തിനു മുന്നിലെ വൻമരം മുറിച്ചുമാറ്റാൻ തുടങ്ങി.
പണികൾ ഇന്നും തുടരും. വാഹനങ്ങൾക്കും സമീപത്തെ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ദീപികയിൽ ഉൾപ്പെടെ മാധ്യമങ്ങളിൽ നിരവധി തവണ വാർത്തകൾ വന്നിരുന്നെങ്കിലും പലകാരണങ്ങൾപറഞ്ഞ് പൊതുമരാമത്തുവകുപ്പ് മരംമുറിക്കൽ നടപടി വൈകിപ്പിക്കുകയായിരുന്നു.
ഒടുവിൽ മരം കടപുഴകി റോഡിൽ വീണ് വലിയ ദുരന്തം വിദൂരമല്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് മുറിച്ചു മാറ്റാൻ നടപടിയായത്. കഴിഞ്ഞ വേനലിലെങ്കിലും സുഗമമായി മുറിച്ചു മാറ്റാമായിരുന്ന മരം മഴയ്ക്കിടെ മുറിക്കേണ്ടി വന്നതിനാൽ ചെലവും ഇരട്ടിയിലേറെയായി.
വൈദ്യുതി ലൈനുകളെല്ലാം ഓഫാക്കി വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് മുറിക്കൽ നടത്തുന്നത്.
പകൽ മുഴുവൻ വൈദ്യുതി ഓഫാക്കുന്നത് കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. വീടുകൾക്കും കടകൾക്കു മുകളിലേക്കും റോഡിലെ വൈദ്യുതി ലൈനിനു മുകളിലേക്കും മരത്തിന്റെ വലിയ കൊമ്പുകൾ പടർന്ന് നിൽക്കുകയാണ്. ഇതിനാൽ ഹൈറിസ്ക് വർക്ക് ഗണത്തിൽ പ്പെടുത്തിയാണ് മുറിക്കൽ നടപടി.