മാലിന്യക്കൂമ്പാരമായിരുന്ന പേഴുംകര പാലത്തിന്റെ വശങ്ങള് സ്നേഹാരാമം
1570124
Wednesday, June 25, 2025 1:44 AM IST
പാലക്കാട്: ഒരിക്കല്‍ മാലിന്യകൂമ്പാരമായിരുന്ന പേഴുംകര പാലത്തിന്റെ ഇരുവശവും ഇന്ന് പൂത്തുലഞ്ഞ സ്നേഹാരാമമാണ്. 2023 ഒക്ടോബര്‍ ഏഴിന് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം, നവകേരളം മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പേഴുംകര പാലത്തിന്റെ വശങ്ങളില് കൂമ്പാരമായിരുന്ന മാലിന്യം നീക്കം ചെയ്ത് പൂച്ചെടികള്‍ നട്ട് ‘സ്നേഹാരാമം'സജ്ജീകരിച്ചത്. ഇന്ന് നിറപകിട്ടാര്‍ന്ന പൂക്കളും വിവിധങ്ങളായ ചെടികളുമായി വഴിയാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പ്രദേശം.
പാലക്കാട് നഗരസഭ, പുതുപ്പരിയാരം, പിരായിരി ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ വരുന്ന പേഴുംകര പാലത്തിന്റെ ഇരുവശങ്ങളിലായാണ് സ്നേഹാരാമം സജ്ജീകരിച്ചിട്ടുള്ളത്. അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍, ഹരിതകര്‍മസേന അംഗങ്ങള്‍ മുഖേന പരിപാലനം നടത്തിവരുന്നുണ്ട്. കൂടാതെ അനധികൃത മാലിന്യനിക്ഷേപത്തിന്റെ നിരീക്ഷണത്തിനായി പുതുപ്പരിയാരം ഭാഗത്ത് കാമറയും സജ്ജീകരിച്ചിട്ടുണ്ട്. പൂന്തോട്ടം സജ്ജീകരിച്ചതോടുകൂടി മാലിന്യം നിക്ഷേപിക്കുന്നത് ഇല്ലാതായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.