അട്ടപ്പാടി തുണൈ പദ്ധതി അദാലത്ത്; 116 അപേക്ഷകളിൽ നടപടിക്കു നിർദേശം
1570119
Wednesday, June 25, 2025 1:43 AM IST
അഗളി: അട്ടപ്പാടി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച തുണൈ കർമപദ്ധതിയുടെ ഭാഗമായി പുതൂരിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ അദാലത്ത് നടത്തി.
പുതൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന അദാലത്തിൽ ലഭിച്ച 116 അപേക്ഷകളിന്മേൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുകയും ചെയ്തു. അട്ടപ്പാടിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് തത്സമയ പരിഹാരം കാണുന്നതിനും മേഖലയിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് തുണൈ കർമ്മപദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉന്നതികളുടെ ചുമതല നൽകിയിട്ടുണ്ടെന്നും ഇവർ പ്രശ്നപരിഹാരത്തിനു ആവശ്യമായ മൈക്രോപ്ലാനുകൾ തയാറാക്കി നടപ്പാക്കണമെന്നും കളക്ടർ നിർദേശം നൽകി.
അദാലത്തിൽ പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ഒറ്റപ്പാലം സബ്കളക്ടർ മിഥുൻ പ്രേംരാജ്, അഗളി, ഷോളയൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.