ഭാരത് ബന്ദ് ദിനത്തിൽ കേരളത്തിൽ സന്പൂർണ ഹർത്താൽ
Tuesday, September 21, 2021 12:46 AM IST
തിരുവനന്തപുരം: പത്ത് മാസമായി ഇന്ത്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത ബിജെപി സർക്കാരിനെതിരേ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയായി കേരളത്തിൽ 27ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിക്കാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി തീരുമാനിച്ചു.
വ്യാപാരി സമൂഹവും ഹർത്താലിനോട് സഹകരിക്കണമെന്ന് സംസ്ഥാന ട്രേഡ് യൂണിയൻ സംയുക്തസമിതി പ്രസ്താവനയിൽ അഭ്യർഥിച്ചു.
പത്രം, പാൽ, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സെക്രട്ടറി എളമരം കരീം എംപി, കണ്‍വീനർ കെ.പി. രാജേന്ദ്രൻ എന്നിവർ അറിയിച്ചു. 22 ന് സംസ്ഥാനത്ത് പ്രധാന തെരുവുകളിൽ ജ്വാല തെളിച്ച് ഹർത്താൽ വിളംബരം നടത്തും.