മദ്യനയത്തില്‍ ടൂറിസം വകുപ്പ് ഇടപെട്ടു : തെളിവു പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്
Monday, May 27, 2024 2:28 AM IST
കൊച്ചി: മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന മന്ത്രിമാരായ എം.ബി. രാജേഷിന്റെയും മുഹമ്മദ് റിയാസിന്റെയും പ്രസ്താവന പച്ചക്കള്ളമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. രണ്ടുമാസമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
ചീഫ് സെക്രട്ടറി കഴിഞ്ഞമാസം വിളിച്ചുചേര്‍ത്ത പ്രതിമാസ യോഗത്തില്‍ റിപ്പോര്‍ട്ട് നല്കാന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ 21ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്നിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
മദ്യനയത്തില്‍ യോഗം വിളിച്ചതിനു തെളിവുണ്ട്. സൂം മീറ്റിംഗാണു വിളിച്ചത്. കഴിഞ്ഞ 21ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തിട്ടുണ്ട്.
യോഗത്തില്‍ ഡ്രൈ ഡേയും ബാറിന്റെ സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കൊച്ചിയില്‍ ബാറുടമകളുടെ സംഘടന യോഗം ചേര്‍ന്നതും പണപ്പിരിവു നടന്നതും എന്ന് സതീശന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സൂം മീറ്റിംഗിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 21ലെ മീറ്റിംഗ് കഴിഞ്ഞിട്ടാണ് ബാറുടമകള്‍ പണപ്പിരിവ് ആരംഭിച്ചത്. പണം കൊടുത്തില്ലെങ്കില്‍ മദ്യനയത്തില്‍ മാറ്റംവരില്ലെന്നു വളരെ കൃത്യമായിട്ടാണ് ബാറുടമ പറഞ്ഞിരിക്കുന്നത്. മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ്, ടൂറിസം മന്ത്രിമാര്‍ പച്ചക്കള്ളമാണു പറയുന്നത്.
ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തില്‍ എക്സൈസ് വകുപ്പിന്റെ അബ്കാരി നയത്തില്‍ മാറ്റംവരുത്താന്‍ ടൂറിസം വകുപ്പിന് എന്താണു കാര്യം. ടൂറിസം വകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നു വ്യക്തമാണ്.
അബ്കാരി നയം തയാറാക്കേണ്ടതും ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതും പൈലറ്റ് ചെയ്യേണ്ടതും എക്സൈസ് വകുപ്പാണ്. എന്തിനാണ് ടൂറിസം വകുപ്പ് ബാറുടമകളുടെ യോഗം വിളിച്ചത്. എക്സൈസ് വകുപ്പില്‍ ടൂറിസം മന്ത്രി കൈകടത്തിയെന്ന ആക്ഷേപം ഉണ്ടോയെന്ന് എം.ബി. രാജേഷാണു വ്യക്തമാക്കേണ്ടത്.
ബാര്‍ കോഴയില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളും കോണ്‍ഗ്രസും യുഡിഎഫ് ഘടകകക്ഷികളും യുഡിഎഫും സമരം നടത്തും. വിഷയം നിയമസഭയിലും ഉന്നയിക്കും. വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ വന്നപ്പോഴും യുഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തിരുന്നുവെന്നും സതീശന് പറഞ്ഞു.
വാര്‍ത്ത എങ്ങനെ പുറത്തുപോയി എന്നതല്ലാതെ അഴിമതിയെക്കുറിച്ചല്ല സര്‍ക്കാര്‍ അന്വേഷിക്കുന്നത്. സ്വപ്ന സുരേഷിന്റെ ആരോപണത്തിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ ആരോപണത്തിലും തെറ്റുകളെക്കുറിച്ചല്ല അന്വേഷിച്ചത്. പോലീസ് അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. രണ്ടു മന്ത്രിമാരും രാജിവച്ച് ജുഡീഷല്‍ അന്വേഷണം നേരിടണം. -സതീശൻ ആവശ്യപ്പെട്ടു.
വ്യാപകമായി ബാറുകൾ അനുവദിക്കുന്നതിനു പിന്നിൽ സാന്പത്തിക താത്പര്യം
സർക്കാർ വ്യാപകമായി ബാറുകള്‍ അനുവദിക്കുകയാണെന്നും ഇതിനു പിന്നില്‍ സാമ്പത്തിക താത്പര്യമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
2016ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മദ്യവർജന സമിതിക്കാരെയും മദ്യനിരോധനക്കാരെയും കൂട്ടി മദ്യം വ്യാപകമാക്കുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നാണ് പിണറായി വിജയന് പറഞ്ഞത്. അന്ന് 29 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ അനുവദിച്ചതിനെ എതിര്‍ത്തുകൊണ്ടാണ് പിണറായി വിജയന് സംസാരിച്ചത്. എല്‍ഡിഎഫ് വരും എല്ലാ ശരിയാകുമെന്ന് പറഞ്ഞയാള്‍ വന്നപ്പോഴാണ് എല്ലാം ശരിയായത്.
വിഷയത്തില്‍ സര്‍ക്കാരിനോട് ആറു ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്തുകൊണ്ടാണ് ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്ന് വിഷയത്തില്‍ ഇടപെട്ടത് ? ടൂറിസം വകുപ്പിന് അനാവശ്യ തിടുക്കം എന്തിനാണ് ? രണ്ടു മന്ത്രിമാരും ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞത് എന്തിനാണ് ? ഡിജിപിക്ക് എക്സൈസ് മന്ത്രി പരാതി നല്‍കിയത് എന്തിനാണ്? അഴിമതി മറച്ചു പിടിക്കാന്‍ വേണ്ടിയാണോ? .
കെ.എം. മാണിക്കെതിരേ ബാര്‍കോഴ ആരോപണം വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എന്തുകൊണ്ടാണ് ആ മാതൃക ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യാത്തത് ? ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് ? ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേ മതിയാകൂവെന്നും സതീശന് ആവശ്യപ്പെട്ടു.