പുതിയ സുപ്രീംകോടതി ജഡ്ജി ഉടൻ: ട്രംപ്
Monday, September 21, 2020 12:11 AM IST
വാഷിംഗ്ടൺ ഡിസി: റൂത്ത് ഗിൻസ്ബർഗിന്റെ നിര്യാണത്തോടെ യുഎസ് സുപ്രീംകോടതിയിലുണ്ടായ ഒഴിവു നികത്താൻ പുതിയ ജഡ്ജിയെ ഉടൻ നാമനിർദേശം ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇതൊരു വനിതയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗർഭച്ഛിദ്രത്തിനെതിരേ കർശന നിലപാടുകൾ പുലർത്തുന്ന, ഷിക്കാഗോയിലുള്ള ഏഴാം അപ്പീൽ സർക്യൂട്ട് കോടതി ജഡ്ജി അമി കോണി ബേരറ്റ്, അറ്റ്ലാന്റയിലെ 11-ാം അപ്പീൽ സർക്യൂട്ട് കോടതി ജഡ്ജി ബാർബര ലാഗോവ, വൈറ്റ്ഹൗസ് ഡെപ്യൂട്ടി കോൺസൽ കേറ്റ് കോമർഫോഡ് ടോഡ് എന്നിവരാണ് പ്രസിഡന്റിന്റെ പരിഗണനയിലുള്ളതെന്നു റിപ്പോർട്ടുണ്ട്.
27 വർഷം സേവനമനുഷ്ഠിച്ച റൂത്ത് ഗിൻസ്ബെർഗ് കാൻസർബാധിച്ചാണ് കഴിഞ്ഞദിവസം മരിച്ചത്.
അതേസമയം, ലിബറൽ നിലപാടുകൾ പുലർത്തിയിരുന്ന റൂത്തിനു പകരം ട്രംപ് ഒരു യാഥാസ്ഥിതിക ജഡ്ജിയെ നിർദേശിക്കുന്നത് സുപ്രീംകോടതിയിലെ സംതുലനത്തെ ബാധിക്കുമെന്നും അതിനാൽ തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നും പ്രതിപക്ഷ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.
ഒന്‍പതംഗ സുപ്രീംകോടതിയിൽ നിലവിൽ, നേരത്തേ ട്രംപിന്റെ നാമനിർദേശത്തിൽ നിയമിക്കപ്പെട്ട രണ്ടു പേരടക്കം അഞ്ചു യാഥാസ്ഥിതിക ജഡ്ജിമാരുണ്ട്. മരണംവരെയോ സ്വന്തമിഷ്ടപ്രകാരം വിരമിക്കും വരെയോ ജഡ്ജിമാർക്കു തുടരാം.