ഇക്വഡോർ ജയിലുകളിൽ തടവുകാർ ഏറ്റുമുട്ടി; 79 മരണം
Thursday, February 25, 2021 12:46 AM IST
ക്വിറ്റോ: ഇക്വഡോറിലെ നാലു ജയിലുകളിൽ ചൊവ്വാഴ്ച തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 79 പേർ മരിച്ചതായി റിപ്പോർട്ട്. പോലീസിനു പുറമേ സൈന്യവും ഇറങ്ങിയാണു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
കുവേൻകയിലെ ടുറി ജയിലിൽ 33 പേർ മരിച്ചു. ഗുയാക്വിലിലെ രണ്ടും ലാറ്റകുങ്കയിലെ ഒരു ജയിലിലുമാണ് ശേഷിക്കുന്ന മരണങ്ങളെന്ന് ജയിൽവകുപ്പ് മേധാവി എഡ്മണ്ടോ മൊൺകായോ അറിയിച്ചു. രാജ്യത്തെ തടവുകാരിൽ 70 ശതമാനത്തെയും ഈ ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
മരിച്ചവരിൽ ജയിൽ ഗാർഡുകൾ ഉൾപ്പെട്ടിട്ടില്ല. കുറച്ചുപേർക്കു പരിക്കേറ്റു. ഹോർഹെ ലൂയി സാംബ്രാനോ എന്ന ഗുണ്ടാ നേതാവ് ഡിസംബറിൽ വെടിയേറ്റു മരിച്ചതിന്റെ തുടർച്ചയാണ് ജയിലുകളിലെ സംഘർഷമെന്നു കരുതുന്നു.
തടവുശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ മാസങ്ങൾക്കു മുന്‍പാണു മോചിതനായത്. ജയിലുകളിലേക്കു സാധനങ്ങൾ കടത്തുന്ന സംഘത്തിന്റെ നേതാവായിരുന്നു ഇയാൾ. മയക്കുമരുന്നു കടത്തും പിടിച്ചുപറിയും ഉണ്ടായിരുന്നു. സാംബ്രാനോയുടെ പിൻഗാമി ആരെന്നു തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടാണു തടവുകാർ തമ്മിൽ ഏറ്റുമുട്ടിയതെന്നു ജയിൽവകുപ്പ് മേധാവി പറഞ്ഞു.