ഉഭയകക്ഷി ചർച്ചയ്ക്ക് ഉപാധിയുമായി ഇമ്രാൻ
Monday, May 31, 2021 12:06 AM IST
ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിൽ 2019 ഓഗസ്റ്റ് അഞ്ചിനുമുന്പുള്ള സ്ഥിതി പുനഃസ്ഥാപിച്ചാൽ ഇന്ത്യയുമായി ചർച്ചയ്ക്കു സന്നദ്ധമാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജമ്മു കാഷ്മീരിന് സവിശേഷാധികാരം നൽകുന്ന 370-ാം വകുപ്പ് ഓഗസ്റ്റ് അഞ്ചിന് ഇന്ത്യ റദ്ദുചെയ്തിരുന്നു.
ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാൻ പുനഃസ്ഥാപിച്ചാൽ കാഷ്മീരികളുടെ പ്രശ്നങ്ങളോടു പുറംതിരിഞ്ഞുനിൽക്കുന്നതിനു സമാനമാകും.
എന്നാൽ കാഷ്മീരിൽ 2019 ഓഗസ്റ്റ് അഞ്ചിനു മുന്പുള്ള സ്ഥിതി പുനഃസ്ഥാപിക്കാൻ ഇന്ത്യ തയാറായാൽ പാക്കിസ്ഥാൻ തീർച്ചയായും ചർച്ചയ്ക്ക് സന്നദ്ധമാണെന്നും ജനങ്ങളുമായുള്ള ചോദ്യോത്തര പരിപാടിയിൽ ഇമ്രാൻ പറഞ്ഞു.
2016 ൽ പത്താൻകോട്ട് വ്യോമകേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തോടെയാണ് ഇന്ത്യ-പാക് ബന്ധം വഷളായത്. ഇതിനു പിന്നാലെ ജമ്മു കാഷ്മീരിലെ ഉറിയിൽ സൈനിക കേന്ദ്രത്തിൽ നടന്ന ആക്രമണം, 40 സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗത്തിലേക്കു നയിച്ച പുൽവാമ ഭീകരാക്രമണം എന്നിവ ബന്ധം കൂടുതൽ ഉലച്ചു.
പാക്കിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ് ഭീകരക്യാന്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തോടെ ഇരുരാജ്യങ്ങളും വീണ്ടും അകന്നു. ഇതിനു ശേഷമായിരുന്നു ജമ്മു കാഷ്മീരിനു പ്രത്യേകാധികാരം നൽകുന്ന വകുപ്പ് ഇന്ത്യ എടുത്തുകളഞ്ഞത്.