ഐക്യം പ്രദർശിപ്പിക്കാൻ ജി-7 ഉച്ചകോടി
Monday, June 27, 2022 12:29 AM IST
ബെർലിൻ: സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റെ വാർഷിക ഉച്ചകോടി ജർമനിയിലെ ബവേറിയൻ ഗ്രാമമായ ക്ര്യു നിൽ ആരംഭിച്ചു. യുക്രെയ്നെ ആക്രമിക്കുന്ന റഷ്യക്കെതിരേ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാകും ദ്വിദിന ഉച്ചകോടിയിൽ ഉണ്ടാവുകയെന്നു റിപ്പോർട്ടുകളിൽ പറയുന്നു. റഷ്യക്കെതിരായ ഉപരോധങ്ങൾ തങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുന്നതിൽ ചില രാജ്യങ്ങൾക്കുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാകും.
യുക്രെയ്നിൽനിന്നു റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുത്തുകൊണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്ന നിലപാട് ജർമനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നു. അവശ്യസാധനങ്ങളുടെ വില വർധിക്കുന്നതിൽ യൂറോപ്യൻജനത അസ്വസ്ഥത കാണിച്ചുതുടങ്ങിതായി അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നുണ്ട്. റഷ്യക്കെതിരേ പാശ്ചാത്യരാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉച്ചകോടിയിൽ ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണു സംസാരിച്ചത്.
റഷ്യയുടെ പ്രധാന വരുമാന ശ്രോതസുകളിൽ ഒന്നായ സ്വർണക്കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഉച്ചകോടിയിൽ ഉണ്ടാകും. വിലക്കയറ്റവും ആഗോള ഭക്ഷ്യപ്രതിസന്ധിയും ഉച്ചകോടിയിലെ ചർച്ചാവിഷയങ്ങളാണ്.