രോ-കോ കാണാമറയത്ത്...
Wednesday, September 17, 2025 12:48 AM IST
സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, സച്ചിന് തെണ്ടുല്‍ക്കര്‍... എന്നിങ്ങനെ നീളുന്ന ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് രണ്ടു പേരുകള്‍ കൂടി; വിരാട് കോഹ്ലി, രോഹിത് ശര്‍മ... ഇന്ത്യന്‍ ക്രിക്കറ്റിന്റെ രോ-കോ സഖ്യം... 2024 ഐസിസി ട്വന്റി-20 ലോകകപ്പിനു പിന്നാലെ കുട്ടിക്രിക്കറ്റില്‍നിന്നും 2025 ഐപിഎല്ലിനിടെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പതിയെ കാണാമറയത്തേക്ക്...
രാജ്യാന്തര വേദിയില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും ഔദ്യോഗികമായ വിരമിക്കല്‍ പ്രഖ്യാപിക്കാത്തത്. ഇവരെ കൂടാതെ ഇന്ത്യന്‍ ടീം ഇല്ലെന്ന കാലഘട്ടം കഴിഞ്ഞു. പുതിയ താരങ്ങളിലേക്കു ഫോക്കസ് ചെയ്തു കഴിഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ്.
ഇന്ത്യ എ ടീമില്‍ ഇല്ല
ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളും കളിക്കാരുടെ സാന്നിധ്യങ്ങളും സമീപ നാളുകളില്‍ ഒന്നും ചര്‍ച്ചാ വിഷയമല്ല. എങ്കിലും ഓസ്ട്രേലിയ എ ടീമിന് എതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സംഘത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പെടാതിരുന്നത് ചര്‍ച്ചയായി. ഇരുവരുടെയും താരപ്രഭ അനുസരിച്ച് എ ടീമില്‍ ഇടം നല്‍കേണ്ടതില്ല. എന്നാല്‍, ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ആവശ്യം ശിരസാവഹിച്ചവരാണ് കോഹ്ലിയും രോഹിത്തും എന്നതും ശ്രദ്ധേയം. രഞ്ജി കളിച്ചെങ്കിലും പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
രോ-കോ കാലഘട്ടം കഴിഞ്ഞെന്നും ഇന്ത്യന്‍ ടീം പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചെന്നും വ്യക്തമാക്കുന്നതാണ് ബിസിസിഐയുടെ നീക്കങ്ങള്‍.
ഏകദിനത്തിലെ കരുത്തര്‍
2025 മാര്‍ച്ച് ഒമ്പതിനു നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലാണ് രോഹിത്തും കോഹ്ലിയും ഇന്ത്യന്‍ ജഴ്സിയില്‍ ഇറങ്ങിയ അവസാന ഏകദിന മത്സരം. 2025 ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യക്ക് ഏകദിന മത്സരങ്ങള്‍ ഇതുവരെ കളിക്കേണ്ടിവന്നിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്ലി 218ഉം രോഹിത് 180ഉം റണ്‍സ് നേടി. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പ്രകടനങ്ങളില്‍ കോഹ്ലി രണ്ടാമതും രോഹിത്ത് നാലാമതുമായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോഹ്ലി, രോഹിത് എന്നിവരേക്കാള്‍ ഇന്ത്യക്കായി ഏകദിന റണ്‍സ് കൂടുതല്‍ നേടിയത് ശ്രേയസ് അയ്യറും (1200) ശുഭ്മാന്‍ ഗില്ലുമാണ് (1184). ഇക്കാലത്തിനിടെ കോഹ്ലിക്ക് 1154ഉം രോഹിത്തിന് 1137ഉം ഏകദിന റണ്‍സ് ഉണ്ട്. അതായത്, ഏകദിനത്തില്‍ ഇരുവരെയും തള്ളുക അത്ര എളുപ്പമല്ല.
2027 ഏകദിന ലോകകപ്പ്
38കാരനായ രോഹിത്തും 36കാരനായ കോഹ്ലിയും 2027 ഐസിസി ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമോ എന്നതും സുപ്രധാന ചോദ്യം. 2027 ലോകകപ്പിനു മുമ്പായി ഇന്ത്യക്ക് 24 ഏകദിന മത്സരങ്ങള്‍ ഉണ്ട്. അതില്‍ പകുതിയോളം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ്. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയന്‍ പര്യടനത്തോടെയാണ് ഇന്ത്യയുടെ 2027 ഏകദിന ലോകകപ്പ് മുന്നൊരുക്കം ആരംഭിക്കുക.
ഓസ്ട്രേലിയ എയ്ക്ക് എതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ രജത് പാട്ടിദാറും തിലക് വര്യുമാണ് നയിക്കുക; ആദ്യ മത്സരത്തില്‍ പാട്ടിദാറും രണ്ടും മൂന്നും മത്സരങ്ങളില്‍ തിലക് വര്‍മയും. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും വ്യക്തമായ പദ്ധതികള്‍ ഉണ്ടെന്നു തീർച്ച.
ഏതായാലും ഓസ്ട്രേലിയന്‍ പര്യടനം ലക്ഷ്യമിട്ട് രോഹിത് ശര്‍മ ഒരു ആഴ്ച ബംഗളൂരുവിലുള്ള ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശീലനത്തിലാണ്. അണ്ടര്‍ 19 ക്യാപ്റ്റന്‍ ആയുഷ് മഹ്ത്രെ, സര്‍ഫറാസ് ഖാന് എന്നിവര്‍ക്കൊപ്പമുള്ള രോഹിത് ശര്‍മയുടെ ചിത്രങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.