കേരള കോൺഗ്രസ്-എം നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി തർക്കം
Monday, May 27, 2019 12:54 AM IST
തിരുവനന്തപുരം: കേരള കോണ്ഗ്രസ്-എം ചെയർമാൻസ്ഥാനം സംബന്ധിച്ച തർക്കം തുടരുന്നതിനിടെ നിയമസഭയിലെ കെ.എം. മാണിയുടെ സീറ്റ് പി.ജെ. ജോസഫിനു നൽകുന്നതിനെച്ചൊല്ലിയും തർക്കം. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് നിയമസഭയിൽ കക്ഷിനേതാവിന്റെ സീറ്റ് പി.ജെ. ജോസഫിനു നലക്ണമെന്നാവശ്യപ്പെട്ടു കേരള കോണ്ഗ്രസ്-എം പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് കഴിഞ്ഞ ദിവസം സ്പീക്കർക്ക് കത്തു നല്കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സീറ്റ് അനുവദിക്കുകയും സീറ്റ് ക്രമീകരിക്കുന്നതിനായി നിർദേശം നൽകുകയും ചെയ്തു.
എന്നാൽ, തൊട്ടുപിന്നാലെ ജോസഫിനു സീറ്റ് അനുവദിക്കരുതെന്നാവശ്യപ്പെട്ടു റോഷി അഗസ്റ്റിൻ എംഎൽഎയും സ്പീക്കർക്കു കത്ത് നൽകി. കേരള കോണ്ഗ്രസ്- എമ്മിന്റെ ഭരണഘടന അനുസരിച്ച് പാർലമെന്ററി പാർട്ടി ലീഡറിന്റെ അഭാവത്തിൽ ഡെപ്യൂട്ടി ലീഡർക്കു ചുമതല ലഭിക്കുന്നതല്ലെന്നും ചെയർമാന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗമാണു പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണു റോഷി അഗസ്റ്റിൻ കത്തു നൽകിയത്. പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാനെ ആദ്യം തെരഞ്ഞെടുക്കണമെന്നും പിന്നീടു ചെയർമാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണു പാർലമെന്ററി പാർട്ടി ലീഡറെ നിശ്ചയിക്കേണ്ടതെന്നും അതിനാൽ ഇതിനു സാവകാശം നൽകണമെന്നും കത്തിൽ അഭ്യർഥിച്ചു.
അതേസമയം, കെ.എം. മാണി അന്തരിച്ച സാഹചര്യത്തിൽ ആ സീറ്റ് ഒഴിച്ചിടാൻ ചട്ടപ്രകാരം സാധിക്കില്ലെന്നും അതിനാൽ നിലവിൽ ഈ സീറ്റ് പി.ജെ. ജോസഫിനു തന്നെ നൽകുമെന്നും പിന്നീട് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ലീഡറെ തെരഞ്ഞെടുത്ത് അറിയിക്കുന്ന മുറയ്ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.