ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു
Saturday, July 13, 2019 1:33 AM IST
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടോളം മലയാള സിനിമാ ലോകത്തു നിറസാന്നിധ്യമായിരുന്ന ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ (60) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണകാരണം.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏഴു തവണ ലഭിച്ചിട്ടുണ്ട്. 75ലധികം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹത്തിന്റെ അവസാന ചിത്രം ഷാജി എൻ കരുണ്‍ സംവിധാനം ചെയ്ത ’ഓള്’ ആയിരുന്നു. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി. ലളിതയുടെയും മകനാണ്. ഭാര്യ ശ്രീലത.
ദേശാടനം (1996) കരുണം (1999) അടയാളങ്ങൾ (2007) ബയോസ്കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടു പൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കാണ് എം.ജെ.രാധാകൃഷ്ണനു സംസ്ഥാന പുരസ്കാരം ലഭിച്ചത്. രാധാകൃഷ്ണനെ സിനിമയിൽ കൊണ്ടുവന്നത് എൻ.എൻ.ബാലകൃഷ്ണനാണ്. പ്രശസ്ത സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മുരളി നായർ, ഷാജി എൻ.കരുണ്‍, ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജയരാജ്, രഞ്ജിത്, മധുപാൽ തുടങ്ങിയവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.
സ്റ്റിൽ ഫോട്ടോഗ്രാഫറായിട്ടായിരുന്നു തുടക്കം. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രമാണ് ആദ്യ സ്വതന്ത്ര ചിത്രം.
മകൻ യദുകൃഷ്ണനും ഛാ യാഗ്രാഹകനാണ്. മകൾ നീരജ ഫാഷൻ ഡിസൈനറും.